തിരുവനന്തപുരം:വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കേരളത്തിന്‍റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്‌റ്റേഷനുകളുടെ പ്രാധാന്യവും പ്രസക്തിയും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂര്‍ സ്‌റ്റേഷനുകളില്‍ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാല്‍ റെയില്‍വേയ്‌ക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്‌റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
അനുവദിച്ചു, പിന്നെ റദ്ദാക്കി:വന്ദേഭാരതിന്‍റെ പരീക്ഷണ ഓട്ടത്തില്‍ ആദ്യം തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതായിരുന്നെങ്കിലും പിന്നീട് ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതോടെ തിരൂരിലെ സ്‌റ്റോപ്പ് റദ്ദാക്കുകയായിരുന്നു. വന്ദേഭാരത് സംസ്ഥാനത്തേക്കു വരുന്നതിനു മുന്നോടിയായി അനുവദിച്ച സ്‌റ്റോപ്പുകളില്‍ ഷൊര്‍ണൂര്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ആ ഘട്ടത്തില്‍ ട്രെയിനിന് തിരുവല്ലയിലും ഷൊര്‍ണൂരിലും സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി എംപിമാരും ജനപ്രതിനിധികളും രംഗത്ത് വരികയായിരുന്നു.
എന്തിനാണ് പുതിയ സ്‌റ്റോപ്പുകള്‍:പാലക്കാട്, കോയമ്പത്തൂര്‍, നിലമ്പൂര്‍ മേഖലകളിലേക്ക് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സ്‌റ്റോപ്പ് എന്ന നിലയില്‍ ഷൊര്‍ണൂരും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാര്‍ക്ക് ഉപകാരപ്രദം എന്ന നിലയില്‍ തിരുവല്ലയിലും സ്‌റ്റോപ്പ് എന്നായിരുന്നു ആദ്യ ഘട്ടത്തിലെ ആവശ്യം. എന്നാല്‍ ട്രെയിന്‍ സ്ഥിര സര്‍വീസ് ആരംഭിച്ചപ്പോള്‍ തിരൂര്‍ പോയി ഷൊര്‍ണൂര്‍ വന്നു. എന്നാല്‍ തിരൂരിലെ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പൊതുവേ ഉയരുന്നത്. ഇതു സംബന്ധിച്ച ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ട്രെയിനുകള്‍ക്ക് എവിടെയൊക്കെ സ്‌റ്റോപ്പ് അനുവദിക്കണം എന്നു തീരുമാനിക്കാനുള്ള അധികാരം റെയില്‍വേയ്ക്കാണെന്നും കോടതിക്കല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇതു സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത്.