കേരളം

kerala

ETV Bharat / state

Kerala Rain| സംസ്ഥാനത്ത് മഴ കനക്കുന്നു; 'ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം, എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ സജ്ജം': മുഖ്യമന്ത്രി

കേരളത്തില്‍ മഴ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും. ഇന്ന് എറണാകുളത്ത് റെഡ്‌ അലര്‍ട്ട്.

CM issued cautionary warning in heavy rain  സംസ്ഥാനത്ത് മഴ കനക്കുന്നു  ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം  എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ സജ്ജം  മുഖ്യമന്ത്രി  Pinarayi Vijayan  rain updates  latest rain updates  latest news in kerala  kerala news updates
മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Jul 3, 2023, 7:00 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പുള്ളസാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

വിവിധ വകുപ്പ് പ്രതിനിധികളെയും ദേശീയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഏഴ് സംഘങ്ങളുടെ സേവനം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

മുന്നറിയിപ്പിന്‍റെ സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. ശക്തമായ കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇന്ന് (ജൂലൈ 3) അതിശക്തമായ മഴയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.

സംസ്ഥാന തീരത്ത് കാലവര്‍ഷ കാറ്റ് കൂടുതല്‍ അനുകൂലമായതോടെയാണ് മഴ ശക്തമാകുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ സംസ്ഥാന വ്യാപകമായി തുടരും. നാളെ (ജൂലൈ 4) രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യപകമായി ഇന്ന് ശക്തമായ മഴയാണ് ലഭിക്കുന്നത്. മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി.

കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീര മേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ന്യൂനമര്‍ദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാത ചുഴികളും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ എല്ലാം പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളില്‍ നാളെ (ജൂലൈ 4) രാത്രി 11.30 വരെ 3 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 45 സെന്‍റീമീറ്റര്‍ മുതല്‍ 55 സെന്‍റീമീറ്റര്‍ വരെ വേഗതയില്‍ കടലാക്രമണം ഉണ്ടാകുമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള കര്‍ണാടക ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details