തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ സ്വന്തം ഇന്‍റര്‍നെറ്റ് പദ്ധതിയായ കെഫോണ്‍ യാഥാര്‍ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. നിയമസഭയിലെ ശങ്കരനാരായണന്‍ ലോഞ്ചിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്.
കെ.ഫോണ്‍ റിയല്‍ കേരള സ്‌റ്റോറിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അങ്ങനെ അതും നമ്മള്‍ നേടിയെന്ന് പറഞ്ഞ് ഉദ്‌ഘാടന പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി ഇത് കേരളത്തിന്‍റെ മറ്റൊരു ജനകീയ ബദലാണെന്നാണ് പദ്ധതിയെ വിശേഷിപ്പിച്ചത്. 97 ശതമാനം പണികള്‍ പൂര്‍ത്തിയായ ശേഷമാണ് പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നത്. 17,412 സര്‍ക്കാര്‍ ഓഫിസുകളില്‍ കണക്ഷന്‍ ലഭ്യമാക്കി. 9000ല്‍ അധികം വീടുകളില്‍ കേബിള്‍ വലിച്ചു കഴിഞ്ഞുവെന്നും 2105 വീടുകളില്‍ കണക്ഷന്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്‍റെ ജനകീയ ബദല്‍:എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന പ്രഖ്യാപനത്തെ സ്വപ്‌നമായാണ് ആളുകള്‍ കണക്കാക്കിയത്. അത് ഇവിടെ യാഥാര്‍ഥ്യമായി. 10 വര്‍ഷത്തിനുള്ളില്‍ 700 തവണ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണുണ്ടായ രാജ്യമാണ് ഇന്ത്യ. അവിടെയാണ് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന് ഒരു സര്‍ക്കാര്‍ നിലപാട് എടുത്തതെന്നും ഇത് കേരളത്തിന്‍റെ മറ്റൊരു ജനകീയ ബദലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന് ശേഷം വര്‍ക്ക് ഫ്രം ഹോം അടക്കം കൂടുന്നു. അവയുടെ പ്രയോജനം ചെറുപ്പക്കാര്‍ക്ക് ലഭിക്കാന്‍ ഇന്‍റര്‍നെറ്റ് വേണം. അതിനുള്ള ഉപാധിയാണ് കെ ഫോണെന്നും ഇത് വിനോദസഞ്ചാര മേഖലയിലും ഉണര്‍വ് നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ അവകാശമാണ് ഇന്‍റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കണക്‌ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയല്‍ കേരള സ്‌റ്റേറിയുടെ ഭാഗമാകുന്നുവെന്നും ഉറപ്പുവരുത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാന്‍ സാര്‍വത്രികമായ ഇന്‍റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കാനാണ് ശ്രമം. അതിലൂടെ ആഗോള മാനങ്ങളുള്ള നവകേരള നിര്‍മിതിക്ക് അടിത്തറയൊരുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയെക്കുറിച്ച് വാചാലനായി:ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദല്‍ മാതൃകയാണ് കെ ഫോണ്‍. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക. നഗര ഗ്രാമ വ്യത്യാസമില്ലാതെ, ഉയര്‍ന്ന സ്‌പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ-ഫോണിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കും. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ചോദിച്ചവര്‍ ഇവിടെയുണ്ട് എന്നത് നാം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലയില്‍ ഒന്നും വേണ്ട, എല്ലാം സ്വകാര്യ മേഖലയില്‍, കുത്തക വാദത്തിന്‍റെ മൂലധന ശൈലിയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയെന്നു ചിന്തിക്കുന്നവര്‍ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളുവെന്നും അവര്‍ക്ക് എളുപ്പം മനസ്സിലാവുന്നതല്ല കേരളത്തിന്‍റെ ബദലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേ ആളുകള്‍ തന്നെയാണ് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്‌നം എന്നും ദിവാസ്വപ്‌നം എന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.