തിരുവനന്തപുരം :വിദേശയാത്രയുടെ കാലാവധി നീട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍വേയും ബ്രിട്ടനും സന്ദര്‍ശിച്ച ശേഷം ഒക്‌ടോബര്‍ 12ന് സംസ്ഥാനത്ത് മടങ്ങിയെത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍, ദുബൈ കൂടി സന്ദര്‍ശിച്ച് 15ാം തിയതിയാണ് മുഖ്യമന്ത്രി കേരളത്തിലെത്തുക.
പ്രതിപക്ഷത്തിന്‍റെ 'ധൂര്‍ത്ത്' ആരോപണങ്ങള്‍ക്കിടെ വിദേശയാത്ര നീട്ടി മുഖ്യമന്ത്രി ; തിരിച്ചെത്തുക 15ന്
മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂർത്താണെന്നും കുടുംബത്തെ ഉള്‍പ്പെടുത്തിയാണ് സന്ദര്‍ശനമെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇതിനിടെയാണ് വിദേശയാത്രയുടെ കാലാവധി നീട്ടിയത്
യുഎഇ സന്ദര്‍ശനം അവസാന ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയത്. നാളെ (ഒക്‌ടോബര്‍ 12) ലണ്ടനില്‍ നിന്നും ദുബൈയിലെത്തുന്ന മുഖ്യമന്ത്രി അവിടെ രണ്ടുദിവസം തങ്ങും. ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം സന്ദര്‍ശനത്തിനായി യൂറോപ്പിലേക്ക് പോയത്. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, വി അബ്‌ദുറഹിമാന്‍, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
മന്ത്രിമാരും ചീഫ് സെക്രട്ടറിയുമടക്കമുള്ള ഉദ്യോഗസ്ഥ സംഘവും യുഎഇ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകില്ല. ഇവര്‍ ഇന്നും നാളെയുമായി കേരളത്തിലേക്ക് തിരിക്കും. പ്രതിപക്ഷം ഏറെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സന്ദര്‍ശനം നീട്ടിയത്.