തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടെന്നും പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ കുറിച്ചു.
കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്ന് നിന്ന വ്യക്തിയുമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു. 'ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. കേരളജനതയോടുള്ള അദ്ദേഹത്തിന്‍റെ ആത്മബന്ധത്തിന് തെളിവാണ് പല കോൺഗ്രസ് നേതാക്കളും പാർലമെന്‍റംഗമായും മറ്റും പോയപ്പോൾ അദ്ദേഹം നിയമസഭയിൽ തന്നെ നിന്നത്' എന്നും മുഖ്യമന്ത്രി ഓർമിച്ചു.
'ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക. അങ്ങനെ നിയമസഭ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്‍ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻ ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്‍റെ തെളിവാണ്'. അദ്ദേഹം കൂട്ടിച്ചേർത്തു.
'1970ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്ക് പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തന രംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻ ചാണ്ടി സത്യപ്രതിജ്ഞ ചെയ്‌തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും - കെ കരുണാകരനും എ കെ ആന്‍റണിയുമടക്കം - പാർലമെന്‍റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്‍റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്‌ടാന്തം ആവശ്യമില്ല.