തിരുവനന്തപുരം :ഇന്ധന സെസ് അടക്കമുള്ള ബജറ്റിലെ നികുതി വര്‍ധനവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ കൊണ്ടാണ് ഇത്തരമൊരു തീരുമാനമുണ്ടായിരിക്കുന്നതെന്നും ജനക്ഷേമ പദ്ധതികളുമായി സര്‍ക്കാറിന് മുന്നോട്ടുപോയേ മതിയാവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തേണ്ടതുണ്ട്. അതിനാണ് സര്‍ക്കാര്‍ ശ്രമങ്ങളെല്ലാം. സംസ്ഥാനത്തിന് നികുതി വര്‍ധിപ്പിക്കാന്‍ കഴിയുന്നത് മദ്യത്തിനും ഇന്ധന സെസിലുമാണ്. അതുകൊണ്ടാണ് ഇത്തരമൊരു നടപടിയിലേക്ക് പോയത്. 60 ലക്ഷം കുടുംബങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കുന്നതാണ് ക്ഷേമ പെന്‍ഷനുകള്‍.
ഇക്കാര്യങ്ങൾ ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. അതുകൊണ്ടാണ് പൊതുവെ ഇതിനെ അംഗീകരിക്കുന്ന നിലപാട് പൊതുജനം സ്വീകരിച്ചിരിക്കുന്നത്. നല്ലൊരു കാര്യത്തിനൊപ്പം നില്‍ക്കുന്നതാണ് ഈ നാടിന്‍റെ സ്ഥിതി. അതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നിലപാട് ജനം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം കേന്ദ്രത്തിന് കുടപിടിക്കുന്നു: പ്രതിപക്ഷം മാധ്യമങ്ങളുടെ കെണിയില്‍ വീണാണ് സമരവുമായി ചാടിയിറങ്ങിയത്. ഒരു രൂപ കുറയ്ക്കുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അത് വിശ്വസിക്കുകയാണ് പ്രതിപക്ഷം ചെയ്‌തത്. എന്നാല്‍ സര്‍ക്കാര്‍ ഒരു നിലപാട് പ്രഖ്യാപിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയുമാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ധിപ്പിച്ച നികുതി നല്‍കരുതെന്ന പഴയ പരാമര്‍ശം അന്നത്തെ സാഹചര്യത്തിലുള്ളതെന്നായിരുന്നു ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസിനെതിരെ കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയും സമരത്തിലുണ്ട് എന്നത് വിചിത്രമായ കാര്യമാണ്. പെട്രോള്‍-ഡീസല്‍ വില നിര്‍ണ്ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്.
തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇരുകൂട്ടരും. കേന്ദ്ര സര്‍ക്കാരിന്‍റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങള്‍ നികുതി വര്‍ധനവിന് നിര്‍ബന്ധിതരാക്കിയതാണ്. ഞെരുക്കി തോല്‍പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടുത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കടം പെരുകുന്നു എന്നത് കുപ്രചരണം : സംസ്ഥാനത്തിന്‍റെ കടം കുറഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ 38.51 ശതമാനമായിരുന്നു കടം. 2021-22 ല്‍ അത് 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 36.38 ശതമാനമാണ്. ഇതൊന്നും കാണാതെയാണ് സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്ന കുപ്രചരണം നടത്തുന്നത്.
നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞതുകൊണ്ടാണ് പുതിയ അടവ് എന്ന നിലയില്‍ നികുതി കൊള്ള, നികുതി ഭീകരത എന്ന് മുറവിളി കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. 2021-22 ല്‍ 22.41 ശതമാനമാണ്.