തിരുവനന്തപുരം : മണിപ്പൂർ കലാപത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ വൈവിധ്യങ്ങളെ തകർത്ത് നാടിന്‍റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യം ലജ്ജിച്ച് തല താഴ്‌ത്തുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന സിവിൽ സർവീസ് പരീക്ഷ വിജയികളുടെ അനുമോദന ചടങ്ങിൽ പറഞ്ഞു.
രാജ്യം തന്നെ തലകുനിച്ചു നിൽക്കേണ്ട ഒരു സാഹചര്യത്തിലാണ് നിങ്ങൾ ഇന്ത്യൻ സിവിൽ സർവീസിന്‍റെ ഭാഗമാകുന്നത്. ഇന്ത്യയെന്ന ആശയത്തെ പൂർണമായും ഉൾകൊണ്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയിൽ 38 പേരും ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ആറ് പേരുമാണ് വിജയം കരസ്ഥമാക്കിയത്. മുൻ വർഷങ്ങളിൽ 27, 39, 45 എന്നിങ്ങനെയായിരുന്നു സിവിൽ സർവീസ് പരീക്ഷ ജേതാക്കളുടെ എണ്ണം.
വിജയികളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സിവിൽ സർവീസ് ഒരു ലക്ഷ്യമായി കാണുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായി. എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ലോകത്താകെ വൻതോതിൽ പുരോഗതി പ്രാപിക്കുന്ന ഘട്ടത്തിലും പൊതുസേവനരംഗത്ത് കടന്നുവരാൻ നമ്മുടെ യുവത തയ്യാറാകുന്നു എന്നത് മാതൃകാപരമായ കാര്യമാണ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരും സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കേണ്ടത്.
സിവിൽ സർവീസിന്‍റെ അടിസ്ഥാന ഘടകം ഇന്ത്യ എന്ന സങ്കൽപം:ഇത്തരം കാര്യങ്ങൾ മനസിൽ വച്ചുകൊണ്ട് വേണം ജേതാക്കൾ സിവിൽ സർവീസ് രംഗത്തേക്ക് കടക്കേണ്ടത്. ഏറ്റവും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. ഇന്ത്യൻ സിവിൽ സർവീസിന്‍റെ അടിസ്ഥാന ഘടകം ഇന്ത്യ എന്ന സങ്കൽപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു.