തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽ ഗവർണറെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
അനുമതിയുടെ കാര്യത്തിൽ അനിശ്ചിതമായ കാലതാമസമാണ് ഉണ്ടായത്. ഇക്കാര്യം വിസ്‌മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. ചരിത്രപരമായ പ്രധാന്യമുള്ള പല നിയമങ്ങൾക്കും കേരള നിയമസഭ സാക്ഷ്യം വഹിച്ചു. ആധുനിക ഇന്ത്യന്‍ ഭരണഘടനയുടെ മൂന്ന് ശാഖകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഒന്ന് മറ്റൊന്നിന്‍റെ അധികാരപരിധിയില്‍ കൈകടത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. അത്തരം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പുവരുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.
ഉപരാഷ്‌ട്രപതിയുടെ സാന്നിധ്യം സന്തോഷത്തിന് മാറ്റ് കൂട്ടുന്നുവെന്നും തിരക്കുകൾക്കിടയിടും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും ജനജീവിതത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയവയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിയമസഭ മന്ദിരത്തിന്‍റെ ചരിത്രം നിയമനിര്‍മാണത്തിന്‍റെ കൂടി ചരിത്രമാണെന്നും രാജ്യത്തെ പുരോഗമനപരമായ പല നിയമനിര്‍മാണത്തിനും കേരള നിയമസഭ വേദിയായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരള നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം വലിയ നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിന് ശേഷം ഉച്ചയോടെ ഉപരാഷ്‌ട്രപതി കണ്ണൂരിലേക്ക് മടങ്ങും. തലശ്ശേരിയിൽ എത്തി തന്‍റെ അധ്യാപികയായിരുന്ന രത്‌ന നായരെ സന്ദർശിക്കും. തുടർന്ന് ഏഴിമല നാവിക അക്കാദമി സന്ദർശത്തിന് ശേഷം തിരിച്ച് ഡൽഹിയിലേക്ക് തിരിക്കും.