തിരുവനന്തപുരം: സംഘപരിവാര്‍ നേതൃത്വവുമായി ജമാ അത്തെ ഇസ്‌ലാമി ചര്‍ച്ച നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാ അത്തെ ഇസ്‌ലാമിയുടെ ന്യായം അവരുടെ കാപട്യം വെളിവാക്കുന്നതാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്‌തതെന്നും ഉള്ളടക്കം എന്തെന്നും ജമാ അത്തെ ഇസ്‌ലാമി നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാന്‍ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ രാജ്യ ഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസിന് മുന്നില്‍ അവതരിപ്പിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രമാണ്. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാ അത്തെ ഇസ്‌ലാമിക്ക് നല്‍കിയത്' - മുഖ്യമന്ത്രി ചോദിച്ചു.