കേരളം

kerala

ETV Bharat / state

ലോക ബാങ്ക് അധികൃതരുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി ; തുടര്‍ന്ന് സംഘം ക്യൂബയിലേക്ക് - ഫൈസറിന്‍റെ മേധാവി

സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യമേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോക ബാങ്ക് അധികൃതർ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ്

CM Pinarayi Vijayan  Pinarayi Vijayan and World Bank officials meeting  World Bank  World Bank officials  Chief Minister  Pinarayi Vijayan  Cuba  ലോക ബാങ്ക് അധികൃതരുമായി കൂടിക്കാഴ്‌ച  ലോക ബാങ്ക്  മുഖ്യമന്ത്രി  സംഘം ക്യൂബയിലേക്ക്  ക്യൂബ  അടിസ്ഥാന സൗകര്യമേഖല  മുഖ്യമന്ത്രിയുടെ ഓഫിസ്  റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ്  ധനകാര്യമന്ത്രി  ഹവാന  ഫാർമസ്യൂട്ടിക്കൽ കമ്പനി  ഫൈസറിന്‍റെ മേധാവി  ഫൈസര്‍
ലോക ബാങ്ക് അധികൃതരുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി; തുടര്‍ന്ന് സംഘം ക്യൂബയിലേക്ക്

By

Published : Jun 13, 2023, 10:12 PM IST

തിരുവനന്തപുരം :ലോക ബാങ്ക് അധികൃതരുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക ബാങ്ക് മാനേജിംഗ് ഡയറക്‌ടർ അന്ന വെർദെ അടക്കമുള്ളവരുമായാണ് വാഷിങ്‌ടണിൽ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യമേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോക ബാങ്ക് അധികൃതർ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

നിലവിൽ ലോക ബാങ്കിൻ്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കിവരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോക ബാങ്ക് വൈസ് പ്രസി‍ഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വാഷിങ്‌ടൺ ഡി.സിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്കിൻ്റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.

കൂടിക്കാഴ്‌ചയില്‍ ആരെല്ലാം : ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി ജോയി, പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി. ലോക കേരള സഭയുടെ മേഖല സമ്മേളനം കൂടാതെ അമേരിക്കയിൽ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടിയായിരുന്നു ലോക ബാങ്ക് അധികൃതരുമായുള്ള കൂടിക്കാഴ്‌ച. ബുധനാഴ്‌ച മാരിലാൻഡ് വേസ്‌റ്റ് മാനേജ്മെന്‍റ് സംവിധാനങ്ങൾ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ച് മനസിലാക്കും. തുടര്‍ന്ന് ജൂൺ 14 ന് ന്യൂയോർക്കിൽ നിന്ന് ഹവാനയിലേക്ക് തിരിക്കും.

ഹവാന വഴി ക്യൂബയിലേക്ക് : ജൂൺ 15 ,16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്‌മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്. ക്യൂബയിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ആരോഗ്യമന്ത്രി വീണ ജോർജും മുഖ്യമന്ത്രിക്കൊപ്പം ക്യൂബയിലെത്തുന്നുണ്ട്.

ലോക കേരള സഭയുടെ വിവിധ സെഷനുകളിൽ മുഖ്യമന്ത്രിക്കൊപ്പം സ്‌പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ ബാലഗോപാൽ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്‌ണൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ മുഖ്യമന്ത്രിയുടെ പിഎയും ഭാര്യ കമലയും സ്‌പീക്കർ എ.എൻ ഷംസീറിന്‍റെ കുടുംബവും അമേരിക്കയിലെത്തിയിട്ടുണ്ട്.

ലോക ബാങ്ക് അധികൃതരുമായി മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും കൂടിക്കാഴ്‌ച

ഫൈസറുമായി നിര്‍ണായക കൂടിക്കാഴ്‌ച : ലോക കേരള സഭയുടെ സമ്മേളനം കൂടാതെ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്‍റെ മേധാവികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലോക കേരള സഭ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച . ഫൈസറിന്‍റെ ഭാഗത്തുനിന്ന് സീനിയർ വൈസ് പ്രസിഡന്‍റുമാരായ ഡോ.രാജ മൻജിപുടി, ഡോ.കണ്ണൻ നടരാജൻ, ഡോ.സന്ദീപ് മേനോൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

ചെന്നൈയിലുള്ള ഫൈസറിന്‍റെ ഗവേഷണ കേന്ദ്രത്തിന്‍റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ ഈ കൂടിക്കാഴ്‌ചയില്‍ നടന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രീ ക്ലിനിക്കൽ ഗവേഷണരംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ച് മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്‌തു. ആരോഗ്യ രംഗത്തെ കേരളത്തിന്‍റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള താൽപര്യവും ഫൈസർ പ്രതിനിധികൾ പങ്കുവച്ചു. അടുത്ത പടിയായി സെപ്‌റ്റംബറിനകം ഫൈസറിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിക്കും.

ABOUT THE AUTHOR

...view details