തിരുവനന്തപുരം:കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. പ്രധാനമന്ത്രിയുടെ പ്രസ്‌താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാരെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാം ന്യൂനപക്ഷങ്ങള്‍ക്കറിയാം:സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താത്‌കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണെന്നും വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കാലുകുത്തിക്കില്ല:എന്നാല്‍ കേരളത്തില്‍ ബിജെപിയെ കാലുകുത്തിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം. ബിജെപിയെ എതിര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസും യുഡിഎഫും സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സിപിഎമ്മിനെ കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല. സിപിഎം ബിജെപിയുമായി നീക്കുപോക്ക് ഉണ്ടാക്കുകയാണ്. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനായി സിപിഎം കേരളത്തില്‍ ബിജെപിക്ക് ഇടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണ് സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷന്‍ കോഴ കേസിലും അന്വേഷണം മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒത്തുതീര്‍പ്പെന്ന് വിമര്‍ശനം: ലാവലിന്‍ കേസിലും ഈ അന്തര്‍ധാര തന്നെയാണ് സജീവമായി നില്‍ക്കുന്നത്. ലൈഫ് മിഷനില്‍ കള്ളപ്പണം വെളുപ്പിക്കല്‍ മാത്രമെ ഇഡിക്ക് അന്വേഷിക്കാന്‍ സാധിക്കൂ. കോഴ ആര്‍ക്കൊക്കെ കിട്ടിയെന്നും ആരൊക്കെ ഗൂഡാലോചന നടത്തിയെന്നുമാണ് അന്വേഷിക്കേണ്ടതെന്ന് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങള്‍ സിബിഐക്ക് മാത്രമെ അന്വേഷിക്കാനാകൂവെന്നും സിബിഐ അന്വേഷണം പാടില്ലെന്ന് കോടതിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊടുക്കല്‍ വാങ്ങലെന്ന് ആക്ഷേപം: മൂന്ന് വര്‍ഷമായി സിബിഐ ഒരു അന്വേഷണവും നടത്തുന്നില്ല. ഈ ധാരണയുടെ ഭാഗമായാണ് കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കി കൊടുത്തത്. എല്ലാ തെളിവുകളും ഉണ്ടായിട്ടും ഒരു ബിജെപി നേതാവ് പോലും പ്രതിയായില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏതെങ്കിലും ബിജെപി നേതാവിനെ തൊടാന്‍ സര്‍ക്കാരിന്‍റെ മുട്ട് വിറയ്ക്കുമെന്നും അവര്‍ പ്രതികളായാല്‍ പല സിപിഎമ്മുകാരും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളിലും പ്രതികളാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടുക്കല്‍ വാങ്ങലുകളാണ് ഇരുവരും തമ്മില്‍ നടക്കുന്നതെന്നും ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് സിപിഎം ബിജെപിക്ക് കേരളത്തില്‍ ഇടമുണ്ടാക്കി കൊടുക്കാന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
എന്തായിരുന്നു ആ പ്രസ്‌താവന: അതേസമയം ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു കേരളത്തിലും സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കുന്നില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന കേരളത്തിലെ മിഥ്യാധാരണ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ഥ ബദല്‍ ബിജെപി നല്‍കുമെന്നും പല രാഷ്‌ട്രീയ പാര്‍ട്ടികളും ബിജെപിയുടെ വിജയ രഹസ്യം അറിയാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല ഒരു സംസ്ഥാനത്ത് ഗുസ്‌തി ഒരിടത്ത് ദോസ്‌തി എന്ന നിലപാടാണ് സിപിഎമ്മിനും കോണ്‍ഗ്രസിനെന്നും കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.