കേരളം

kerala

ETV Bharat / state

'കലാമൂല്യമുള്ള സിനിമകൾ നിർമിച്ച വ്യക്തി'; അച്ചാണി രവിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

മലയാള സിനിമയില്‍ പുതിയൊരു ചലച്ചിത്ര ഭാവുകത്വം ഉണ്ടാക്കിയ വ്യക്തിയായിരുന്നു അച്ചാണി രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിപണന തന്ത്രത്തിലുപരി കലാ മൂല്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാത്ത നിര്‍മാതാവാണ് അച്ചാണി രവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും  അച്ചാണി രവിയുടെ നിര്യാണത്തിൽ  അനുശോചനം അറിയിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി  പ്രതിപക്ഷനേതാവ്  CM Pinarayi Vijayan  Opposition leader  Achani Ravi  condolences to Achani Ravi  പിണറായി വിജയൻ  വിഡി സതീശന്‍  അച്ചാണി രവി
'കലാമൂല്യമുള്ള സിനിമകൾ നിർമിച്ച വ്യക്തി'; അച്ചാണി രവിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

By

Published : Jul 8, 2023, 3:31 PM IST

തിരുവനന്തപുരം:പ്രശസ്‌ത സിനിമ നിര്‍മാതാവ് ജനറല്‍ പിക്ചേഴ്‌സിന്‍റെ അമരക്കാരന്‍ കെ.രവീന്ദ്രന്‍ നായര്‍ എന്ന അച്ചാണി രവിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. കലാമൂല്യമുള്ള നിരവധി സിനിമകൾ നിർമിച്ച് മലയാളത്തിൽ പുതിയൊരു ചലച്ചിത്ര ഭാവുകത്വം ഉണ്ടാക്കിയ വ്യക്തിയായിരുന്നു അന്തരിച്ച സിനിമ നിര്‍മാതാവ് അച്ചാണി രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വാണിജ്യ സിനിമകൾക്കല്ലാതെ കലാമൂല്യമുള്ള സിനിമകൾക്ക് പണം മുടക്കാനായി ആളില്ലാത്ത ഘട്ടത്തിൽ ലാഭം നോക്കാതെ ചലച്ചിത്ര മേഖലയുടെ നിലവാരം ഉയർത്തുന്നതിന് ഇടപെട്ട ശ്രദ്ധേയനായ നിർമാതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലയാളത്തിന് നല്ല സംവിധായകരെയും നല്ല സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു അച്ചാണി രവിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 'വിപണന തന്ത്രത്തില്‍ ഉപരി കലാ മൂല്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാത്ത നിര്‍മാതാവ്. ജനറല്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച 14 സിനിമകള്‍ക്കും, 18 ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചതാണ് അതിനുള്ള തെളിവ്. സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം മുഴുവന്‍ കലാ, സാംസ്‌കാരിക രംഗത്ത് ചെലവഴിച്ച മനുഷ്യ സ്‌നേഹി.

കൊല്ലം നഗരത്തില്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍, സോപാനം കലാകേന്ദ്രം, ചില്‍ഡ്രന്‍സ് ലൈബ്രറി, ആര്‍ട്ട് ഗാലറി, ബാല ഭവന്‍ കെട്ടിടം, തിയേറ്ററുകള്‍ അങ്ങനെ നിരവധി സംഭാവനകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. കൊല്ലത്തിന്‍റെ കശുവണ്ടിപ്പെരുമ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിന് ഒപ്പമാണ് അദ്ദേഹം സിനിമ രംഗത്തും സജീവമായത്. അച്ചാണി രവിയുടെ നിര്യാണം സിനിമ, സാംസ്‌കാരിക മേഖലയുടെ നഷ്‌ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.' -വിഡി സതീശന്‍ പറഞ്ഞു.

ദീര്‍ഘനാളായി രോഗ ബാധിതനായിരുന്ന അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്തരിച്ചത്. 90 വയസായിരുന്നു. കൊല്ലത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

1933 ജൂലൈ മൂന്നിന് കൊല്ലം സ്വദേശി വെണ്ടർ കൃഷ്‌ണ പിളളയുടെയും നാണിയമ്മയുടെയും എട്ട് മക്കളിൽ അഞ്ചാമനായാണ് രവീന്ദ്രനാഥന്‍ നായരുടെ ജനനം. കൊല്ലം കന്‍റോൺമെന്‍റ് ബേസിക് ട്രെയിനിങ് സ്‌കൂളിലും, ഗവ. ബോയ്‌സ് ഹൈസ്ക്കൂളിലുമായാണ് അദ്ദേഹം തന്‍റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1955ൽ കൊമേഴ്‌സ് ഐച്ഛിക വിഷയമായി ബിരുദവും നേടി. പിന്നീടാണ് അദ്ദേഹം കശുവണ്ടി വ്യവസായ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അടൂര്‍ ഗോപാലകൃഷ്‌ണന്‍, അരവിന്ദന്‍ എന്നിവരുടേത് അടക്കമുള്ള കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്ചേഴ്‌സ്. 1967ലാണ് ജനറൽ പിക്ചേഴ്‌സിന് തുടക്കം കുറിച്ചത്. ജനറൽ പിക്ചേഴ്‌സ് നിർമിച്ച മലയാള സിനിമകളെല്ലാം ഏറെ പ്രശസ്‌തമാണ്.

അച്ചാണി, കുമ്മാട്ടി, കാഞ്ചനസീത, മുഖാമുഖം, എലിപ്പത്തായം, വിധേയൻ, അനന്തരം തുടങ്ങിയവ ജനറല്‍ പിക്ചേഴ്‌സ് നിർമിച്ച മികവുറ്റ സിനിമകളാണ്. ആകെ നിർമിച്ചത് 14 സിനിമകൾ. എന്നാല്‍ 18 ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടി. സിനിമയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ജെസി ഡാനിയൽ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങി. 2008ലാണ് ജെസി ഡാനിയേൽ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ കേരളം ആദരിച്ചത്.

Also Read:K Ravindranathan Nair | ജനറല്‍ പിക്ചേഴ്‌സിന്‍റെ അമരക്കാരൻ അച്ചാണി രവി വിടവാങ്ങി

ABOUT THE AUTHOR

...view details