തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ പര്യടനത്തിന് തയ്യാറെടുക്കുന്നു. ഇത്തവണ ലോക കേരള സഭയുടെ രണ്ട് മേഖല സമ്മേളനങ്ങള്‍ക്കായാണ് യാത്ര. ജൂണ്‍ മാസത്തില്‍ അമേരിക്കയിലും സെപ്‌തംബര്‍ മാസത്തില്‍ സൗദി അറേബ്യയിലുമാണ് ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
അമേരിക്കയില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി ചീഫ് സെക്രട്ടറി ചെയര്‍മാനായി ആറംഗ ഉപ സമിതിയും സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി 7 അംഗ ഉപസമിതിയും രൂപീകരിച്ചു. പ്രവാസി വ്യവസായികളായ രവി പിള്ള, എംഎ യൂസഫലി എന്നിവര്‍ ഈ ഉപസമിതിയില്‍ അംഗങ്ങളാണ്.
ഇത് സംബന്ധിച്ച ഉത്തരവ് കേരള പ്രവാസി കാര്യ വകുപ്പില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പുറത്തിറക്കി. സമ്മേളനങ്ങളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് 2023 മാര്‍ച്ച് 29 ന് ഇറങ്ങിയ ഉത്തരവിലില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന.
കോടികൾ ചെലവിട്ട് യാത്ര: 2022 ഒക്‌ടോബറില്‍ ലോക കേരള സഭയുടെ യൂറോപ്പ്, യുകെ മേഖല സമ്മേളനം നടന്നിരുന്നു. അന്നത്തെ മേഖല സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ എന്നിവരും വിദേശ പര്യടനത്തില്‍ പങ്കെടുത്തിരുന്നു.
മന്ത്രി വി.ശിവന്‍കുട്ടി ഭാര്യ പാര്‍വതിക്കൊപ്പമാണ് ലണ്ടനിലെത്തിയത്. മന്ത്രിമാരായ പി.രാജീവും വീണ ജോര്‍ജും ലണ്ടന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ അന്നത്തെ സന്ദര്‍ശനത്തിന് വിമാനക്കൂലി ഒഴികെ 43.14 ലക്ഷം രൂപയാണ് ചെലവായത്. 4 ദിവസം ലണ്ടനില്‍ തങ്ങിയതിനായിരുന്നു ഇത്രയും തുക ചെലവിട്ടത്.