തിരുവനന്തപുരം: വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ (ഒക്‌ടോബർ 1) യൂറോപ്പിലേക്ക്. 14 ദിവസത്തെ വിദേശ സന്ദർശനത്തിൽ ഫിൻലൻഡ്, നോർവെ, ഇംഗ്ലണ്ട്, വെയ്‌ൽസ് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം സന്ദർശിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ വിജയൻ, ചെറുമകൻ എന്നിവരും വിദേശ സന്ദർശന സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസ മാതൃക പഠിക്കാൻ ഫിൻലൻഡിലേക്ക്: സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. കേരളവും ഫിൻലൻഡും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെ കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. നേരത്തെ കേരളത്തിലെത്തിയ ഫിന്‍ലന്‍ഡ് പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
ഫിൻലൻഡിലെ പ്രീ സ്‌കൂൾ സംഘം സന്ദർശിക്കും. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്‌ട്ര കമ്പനികൾ സന്ദർശിച്ച് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകളും തേടും. മൊബൈല്‍ ഫോൺ നിര്‍മാണ കമ്പനിയായ നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്‌സ്‌പീരിയന്‍സ് സെന്‍റര്‍ സംഘം സന്ദര്‍ശിക്കും. സൈബർ രംഗത്തെ സഹകരണത്തിനായി ഫിന്‍ലന്‍ഡിലെ വിവിധ ഐടി കമ്പനികളുമായും ചര്‍ച്ച നടത്തും. ടൂറിസം മേഖലയിലെയും ആയുര്‍വേദ രംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും വിവിധ കൂടിക്കാഴ്‌ചകള്‍ നിശ്ചയിച്ചിട്ടുണ്ട്.