തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ സമരത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരായ സമരം ക്രമസമാധാന പ്രശ്‌നമായി മാറുകയാണ്. ദേശീയപാതയിൽ മന്ത്രിയുടെ കാറിന് മുന്നിൽ മറ്റൊരു കാറ് ഓടിച്ച് കയറ്റി അപകടത്തിൽപെടുത്താൻ ശ്രമം നടന്നു. ഇതിനെ സമരം എന്ന് വിളിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.ടി ജലീലിനെതിരായ സമരം ക്രമസമാധാന പ്രശ്‌നമായി മാറിയെന്ന് മുഖ്യമന്ത്രി
കുന്നത്തൂർ എം.എൽ.എക്കെതിരെ മുണ്ട് പൊക്കി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം ഏത് തരം ജനാധിപത്യ രീതിയാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അംഗീകരിക്കാൻ കഴിയുന്ന രീതിയിലല്ല സമരങ്ങള്‍ നടക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുന്നത്തൂർ എം.എൽ.എയ്‌ക്കെതിരെയും യൂത്ത് കോൺഗ്രസിന്‍റെ ആഭാസ സമരം നടന്നു. എം.എൽ.എക്കെതിരെ മുണ്ട് പൊക്കി കാട്ടിയാണ് സമരം നടന്നത്. രാഷ്ട്രീയം പറഞ്ഞതിനാണ് ഇത്തരമൊരു പ്രതിഷേധം. ഇത് ഏത് തരം ജനാധിപത്യ രീതിയാണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വരെ പ്രതിഷേധം നടന്നിട്ടുണ്ടെന്ന ചോദ്യത്തിത് ഇപ്പോൾ നടക്കുന്ന കാര്യത്തെക്കുറിച്ച് ആണല്ലോ ചിന്തിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആ സംഭവം പോലെയല്ല ഇത്. പ്രതിഷേധം അതിരു വിട്ടു പോകാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.