തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന നാല് മേഖല അവലോകന യോഗങ്ങളും വിജയമെന്നും പുതിയ വികസന പദ്ധതികൾക്ക് അത് ഊർജം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിന്‍റെ ഭാഗമായി അതിദാരിദ്ര്യ നിർമാർജനം, ഹരിത കേരളം മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം,ലൈഫ് മിഷൻ, ജല ജീവൻ മിഷൻ, കോവളം ബേക്കൽ ജല പാത, ദേശീയ പാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനായുള്ള തുരങ്കപാതയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവാനും അടുത്ത മാര്‍ച്ചോടെ നിര്‍മ്മാണ ഉദ്ഘാടനം നടത്താനും നാലുവര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കാനും കഴിയുമെന്നും ഇത് താമരശ്ശേരി ചുരത്തിന് ബദല്‍ റോഡ് ആവുകയും യാത്രാസമയം ചുരുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു (CM About Success Of Review Meetings).
കണ്ണൂര്‍ ഇരിട്ടി താലൂക്കില്‍, കല്ല്യാട് 311 ഏക്കറില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വിഭാവനം ചെയ്‌തിട്ടുണ്ട്. ഏകദേശം 300 കോടി രൂപയ്ക്ക് മുകളില്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗവേഷണ ആശുപത്രിയുടെയും മാനുസ്ക്രിപ്‌റ്റ് സെന്‍ററിന്‍റെയും പൂര്‍ത്തീകരണം ജനുവരി 2024 നുള്ളില്‍ കഴിയുമെന്ന് യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ ധാരണയായി.
തീരദേശ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ ആകര്‍ഷകമായ നഷ്‌ട പരിഹാര പാക്കേജുകള്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായി ചര്‍ച്ച നടത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. കോവളം ബേക്കൽ ജല പാതയുടെ ആദ്യ ഘട്ടമായ ആക്കുളം മുതല്‍ ചേറ്റുവ വരെ ഉള്ള ഭാഗം 2024 മാര്‍ച്ചോടെ സഞ്ചാരയോഗ്യമാകും.
വടക്കന്‍ ജില്ലകളില്‍ നിര്‍മിക്കുന്ന കനാലുകളുടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കി സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പുലിമുട്ടിന്‍റെ നിര്‍മ്മാണം അതിവേഗമാണ് പൂര്‍ത്തിയാക്കാൻ സാധിച്ചത്. 55 ലക്ഷം ടണ്‍ പാറ ഉപയോഗിച്ച് 2960 മീറ്റര്‍ പുലിമുട്ടിന്‍റെ നിര്‍മ്മാണം കഴിഞ്ഞു.