ശബരിമല വിമാനത്താവളം മുഖ്യമന്ത്രിയുടെ പ്രതികരണം തിരുവനന്തപുരം :ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിനായി പാരിസ്ഥിതിക ആഘാത പഠനം നടന്നുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 370 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കണം. 3500 മീറ്റർ നീളമുള്ള റൺവേയ്ക്ക് അനുയോജ്യമായ പ്രദേശം ഇവിടെ മാത്രമാണ്. സാമൂഹിക ആഘാത പഠനം പൂർത്തിയായിട്ടുണ്ട്. ഇത് പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിഒആറിന് ശുപാർശ : അതേസമയം ശബരിമല അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ടേംസ് ഓഫ് റഫറൻസിനായി (ടിഒആര്‍) കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂണിൽ ശുപാര്‍ശ നൽകിയിരുന്നു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ ശുപാര്‍ശ.
ശബരിമല അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖയും ഘടനയും ആസൂത്രണം ചെയ്യുന്നതിനും, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപറേഷൻ (കെഎസ്‌ഐഡിസി) ലിമിറ്റഡിന് ഇത് ഏറെ സഹായകരമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്ര അനുമതി ലഭിച്ചതോടെ ശബരിമലയിൽ നിന്ന് വൈകാതെ വിമാനം പറന്നുയരുമെന്നാണ് പ്രതീക്ഷ. കോട്ടയം ജില്ലയിലെ എരുമേലിയില്‍ ഏകദേശം 2570 ഏക്കറോളം വരുന്ന എസ്‌റ്റേറ്റിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര അനുമതി ലഭിച്ചതോടെ ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള വാദ പ്രതിവാദങ്ങൾക്കും ഏറെക്കുറെ വിരാമമായി.
വിമാനത്താവളത്തിന്‍റെ ആരംഭ ഘട്ടത്തില്‍ 600 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ശബരിമലയിലേക്കുള്ള തീര്‍ഥാടകര്‍ക്ക് വിമാന സര്‍വീസ് ഏറെ ഗുണകരമാകും. കൂടാതെ പത്തംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്കും വിമാനത്താവളം വലിയ പങ്ക് വഹിക്കും.
579 കുടുംബങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ട് : ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചത്. പല ഘട്ടങ്ങളിലായുള്ള വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷമാണ് പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചത്. ഇതിന് പിന്നാലെ മെയ് മാസത്തിലാണ് പദ്ധതിക്കായി നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്.
ചെറുവള്ളി എസ്‌റ്റേറ്റിലെ ലയങ്ങളില്‍ കഴിയുന്ന കുടുംബങ്ങള്‍ അടക്കം 579 കുടുംബങ്ങളെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. മാത്രമല്ല പദ്ധതിയുടെ ഭാഗമായി 474 വീടുകള്‍ പൂര്‍ണമായും പൊളിച്ച് നീക്കപ്പെടുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.
ജില്ലയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവന മാര്‍ഗമായ റബര്‍ ഉള്‍പ്പടെ മൂന്ന് ലക്ഷത്തിലധികം മരങ്ങള്‍ മുറിച്ച് നീക്കേണ്ടതായി വരും. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് പ്രാദേശിക സമൂഹങ്ങളുടെ സ്വത്തവകാശം നഷ്‌ടപ്പെടാൻ ഇടയാക്കുമെന്നും പഠനം പറയുന്നു. ഇത് കാര്യമായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും പഠന റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നുണ്ട്.
അതേസമയം പദ്ധതി കാരണം വീടും സ്ഥലവും പോകുന്നവര്‍ക്ക് നഷ്‌ട പരിഹാരം നല്‍കി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ നീക്കം. വിമാനത്താവളത്തിനായി ആകെ 1,039.8 ഹെക്‌ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായി ചെറുവള്ളി എസ്‌റ്റേറ്റില്‍ നിന്ന് 916.27 ഹെക്‌ടറും സ്വകാര്യ വ്യക്തികളില്‍ നിന്ന് 123.53 ഹെക്‌ടറുമാണ് ഏറ്റെടുക്കേണ്ടത്.