തിരുവനന്തപുരം: നിപ സാമ്പിൾ തിരുവനന്തപുരം തോന്നയ്ക്കലുള്ള വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയക്കാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Nipah sample Test Thonnakkal virology lab). എന്നാൽ സംസ്ഥാനത്തെ ലാബിൽ പരിശോധന നടത്തിയാലും ഔദ്യോഗിക പ്രഖ്യാപനത്തിന് കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
സംസ്ഥാനത്തെ നിപ സ്ഥിതിവിശേഷത്തെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്‌മിഷനിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും. നിപ പോലുള്ള രോഗം വരാൻ എപ്പോൾ വേണമെങ്കിലും സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം.
നിപയുടെ ചികിത്സയ്ക്ക് പ്രോട്ടോകോൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ ആക്ഷേപമുണ്ട്. പുതിയ പ്രോട്ടോകോൾ അനിവാര്യമാണ്. നിപ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടില്ല. പരിശീലനം നൽകാനുള്ള സംവിധാനം ഉണ്ടാകണം.
ആവശ്യമായ ഡാറ്റാ ശേഖരിക്കണം. നേരത്തെ ഉണ്ടായിരുന്ന വിശദമായ ഡാറ്റാ ആവശ്യമാണ്. ഡാറ്റാ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഭാവിയിലെ സാഹചര്യം കൂടി പരിഗണിച്ചുള്ള നടപടി സ്വീകരിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ സബ്‌മിഷൻ.
എന്നാൽ ഘടകവിരുദ്ധമായ മറുപടിയായിരുന്നു സബ്‌മിഷനിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നൽകിയത്. സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരം തോന്നയ്ക്കലുമുള്ള വൈറോളജി ലാബുകളിൽ സാമ്പിൾ പരിശോധിച്ചാലും ഇരു ലാബുകളും ബിഎസ്എൽ ലെവൽ 2 ലാബുകൾ ആയതിനാൽ നിപ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ബിഎസ്എൽ ലെവൽ 3 ലാബുകളിൽ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരണം സാധിക്കുകയുള്ളു. സംസ്ഥാനത്തെ ലാബുകളിൽ നിപ കണ്ടെത്താനാകും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം നടത്തണമെങ്കിൽ സാങ്കേതികമായി പൂനെയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ മാത്രമേ സാധിക്കുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.