തിരുവനന്തപുരം :കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്‌തുക്കളാക്കി എന്ന നിലയില്‍ സാമൂഹ്യ മാധ്യമങ്ങളിലുയര്‍ന്ന പ്രചാരണം തെറ്റാണെന്നും കേരളീയം ജനശ്രദ്ധ നേടിയപ്പോള്‍ അതിന്‍റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്.
ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്‍റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം. ഊരു മൂപ്പന്‍മാരെ സന്ദര്‍ശിച്ച് നിര്‍മാണ രീതി നേരിട്ട് മനസിലാക്കി അവരുടെ മേല്‍നോട്ടത്തിലാണ് പരമ്പരാഗത കുടിലുകള്‍ നിര്‍മ്മിച്ചത്. ഈ കുടിലിന്‍റെ മുന്‍പില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്‌ഠാന കല അവതരിപ്പിച്ചതില്‍ എന്താണ് തെറ്റ് ?.
കേരളീയത്തിന്‍റെ ഭാഗമായി പരമ്പരാഗത ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു സംഘം കലാകാരന്മാര്‍ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് ഫോക്‌ലോര്‍ അക്കാദമി അവസരമൊരുക്കുകയാണ് ചെയ്‌തത്. കഥകളിയും ഓട്ടന്‍തുളളലും നങ്ങ്യാര്‍കൂത്തും തിരുവാതിരക്കളിയും പോലെ ഒരു കലാരൂപം ആണ് പളിയ നൃത്തവും. ആ കലാരൂപത്തിന്‍റെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകള്‍ക്ക് മുന്നില്‍ ഇരുന്ന കലാകാരന്‍മാരെ പ്രദര്‍ശന വസ്‌തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശ്യത്തോടെയല്ല.