തിരുവനന്തപുരം: വാളയാർ കേസ് സിബിഐക്ക് വിടാൻ സർക്കാർ മടിക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷം. ഇരയ്ക്കും വേട്ടക്കാർക്കുമൊപ്പം ഒരേ സമയം നിൽക്കുന്ന സർക്കാർ നിലപാട് കൊണ്ടാണ് കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ വർധിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ് അന്വേഷിക്കാൻ വനിത ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ റേഞ്ച് ഐജിയുടെ നേതൃത്വത്തിൽ രൂപികരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
വാളയാർ കേസ്; ആരോപണങ്ങളുമായി പ്രതിപക്ഷം നിയമസഭയിൽ - വാളയാർ കേസ്
വാളയാർ കേസിൽ പൊലീസും രാഷ്ട്രീയക്കാരും ഇടപെട്ടുവെന്നും അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും എസ്‌പി തന്നെ കമ്മീഷന് മുന്നിൽ മൊഴി നൽകിയിട്ടുണ്ടെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഷാനിമോൾ ഉസ്മാൻ ആരോപിച്ചു
വാളയാർ കേസിൽ പൊലീസും രാഷ്ട്രീയക്കാരും ഇടപെട്ടുവെന്നും അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും എസ്‌പി തന്നെ കമ്മീഷന് മുന്നിൽ മൊഴി നൽകിയിട്ടുണ്ടെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഷാനിമോൾ ഉസ്മാൻ ആരോപിച്ചു. വാളയാർ കേസിൽ രക്ഷിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. നല്ല രീതിയിലാണ് വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നത്. വനിത കമ്മീഷനെതിരായ ആരോപണം കുശുമ്പ് കൊണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. വനിത കമ്മീഷനോട് കുശുമ്പാണെന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി നിലപാടിൽ ഉറച്ചു നിന്നു.