തിരുവനന്തപുരം : ഡോക്‌ടർ വന്ദന ദാസിന്‍റെ മരണത്തെ തുടർന്ന് ആശുപത്രിയിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെ അനുനയിപ്പിക്കാൻ എല്ലാ വഴികളും തേടി സർക്കാർ. ഡോക്‌ടർമാരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് പിജി ഡോക്‌ടർമാരുടെയും ഹൗസ് സർജന്മാരുടെയും പ്രതിനിധികളുമായി ചർച്ച നടത്തും.
ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ എക്‌സ്‌പീരിയൻസ് പരാമർശത്തിൽ പിജി ഡോക്‌ടർമാരും ഹൗസ് സർജന്മാരും രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഈ പരാമർശം ഡോക്‌ടർമാരെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ശക്തമായ സമരവുമായി ഡോക്‌ടർമാർ രംഗത്തിറങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇവരുമായി ചർച്ച നടത്തുന്നത്.
നാളെ ആരോഗ്യ മന്ത്രി വീണ ജോർജ് ഇരു സംഘടനകളുടെയും പ്രതിനിധികളുമായി ചർച്ച നിശ്ചയിച്ചിരുന്നു. എന്നാൽ, പ്രശ്‌നപരിഹാരം എത്രയും വേഗം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ച നടത്തുന്നത്. രാവിലെ ഐഎംഎ അടക്കമുള്ള ഡോക്‌ടർമാരുടെ സംഘടന പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി പുറത്തിറക്കുക, ഡോക്‌ടർ വന്ദനയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക, വന്ദനയുടെ കുടുംബത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്‌ടർമാരുടെ സംഘടന മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം വിഷയം പരിശോധിക്കുകയാണ്. ഇതോടൊപ്പമാണ് പിജി ഡോക്‌ടർമാരുമായും ഹൗസ് സർജന്മാരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നത്.
ആക്രമണം ചികിത്സയ്‌ക്കിടെ : പൊലീസ് പിടികൂടിയ സന്ദീപ് എന്ന പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ച പ്രതിയെ കൈവിലങ്ങ് അണിയിച്ചിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വൈദ്യ പരിശോധന നടത്തുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു.