തിരുവനന്തപുരം:പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്ലിന്‍റെ ഓഹരി കൈമാറ്റ ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലാപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എച്ച്.എല്‍.എല്ലിന്‍റെ ഓഹരി സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളു എന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ ഏറ്റെടുക്കുന്നതിന് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചത്. എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാഥമിക വിവര പട്ടികയും ലേലത്തില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ക്കായി ആഗോള തലത്തില്‍ സമര്‍പ്പിച്ച ക്ഷണവും പ്രകാരം കേന്ദ്രസര്‍ക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ 51 ശതമാനമോ അതില്‍ കൂടുതല്‍ ഓഹരിയുള്ള സഹകരണ സംഘങ്ങള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നതാണ് നിബന്ധന.
സംസ്ഥാനങ്ങള്‍ക്കോ സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യം പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയാണ് കത്ത്. നിലവില്‍ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ സ്വകാര്യ മേഖലക്ക് മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പിടിവാശി സഹകരണ ഫെഡറലിസത്തിന്‍റെ തത്വങ്ങളെ അപ്രസക്തമാക്കുകയാണ്.