തിരുവനന്തപുരം:27ാമത് രാജ്യന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്‌തു. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കുകള്‍ ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിയിച്ച് കൊണ്ടായിരുന്നു ഉദ്ഘാടനം. ഉദ്‌ഘാടന ദിനമായ ഇന്ന് രാവിലെ മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം: "മനുഷ്യ വ്യഥകളോടും അതിനെ അതിജീവിക്കാനുമുള്ള പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയാണ് മേളകള്‍. ലോകത്തെമ്പാടുമുള്ള ജീവിതങ്ങള്‍ ചലച്ചിത്ര മേളകളിലൂടെ അവതരിപ്പിക്കപ്പെടുന്നു. സാസ്‌കാരിക കൈമാറ്റത്തിനുള്ള വേദി കൂടിയാണ് മേളയെന്നും മുഖ്യമന്ത്രി പറഞ്ഞു. മേളയുടെ സ്വീകാര്യതയുടെ തെളിവാണ് മേളയുടെ പങ്കാളിത്തം. ഇതുവരെയുള്ള റെക്കോഡുകൾ ഭേദിച്ചാണ് മേളയിലെ ഇത്തവണത്തെ ഡെലിഗേറ്റ് പങ്കാളിത്തം.
ഈ വർഷത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡിന് അർഹമായ ഇറാനിയൻ സംവിധായകന്‍ മഹ്‌നാസ് മുഹമ്മദിയുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്ന തരത്തിൽ അവരുടെ കലാസൃഷ്‌ടികൾ അധികാരികളെ അസ്വസ്ഥപ്പെടുത്തുന്നു. യാത്ര വിലക്കുകൾ കാരണമാണ് അവർ എത്തി ചേരാത്തത്. ഏതെങ്കിലും വംശമോ വർഗമോ ശ്രേഷ്‌ഠമെന്ന് കരുതുകയും വംശീയതയിൽ അധിഷ്‌ഠിതമായ സർക്കാരുകൾ കെട്ടിപൊക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ അവസ്ഥയാണ് മഹ്‌നാസ് മുഹമ്മദിയുടെ അനുഭവങ്ങൾ തെളിയിക്കുന്നത്. എവിടെ മനസ് നിർഭയമാകുമോ അവിടെ ശിരസ് ഉയർത്തി തന്നെ ജീവിക്കും. ഭയരഹിതമായി ജീവിക്കുക എന്നതാണ് സ്വാതന്ത്ര്യം. അത് ഉയർത്തുന്നതായിരിക്കണം മേളകള്‍" - മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.