തിരുവനന്തപുരം: നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ (CM has no right to criticize UDF says K Sudhakaran). ജനസമ്പര്‍ക്ക പരിപാടി തടയാനും ജനങ്ങളെ ആക്രമിക്കാനും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ (Pinarayi Vijayan) നിര്‍ദ്ദേശം നല്‍കി.
പിണറായി വിജയന്‍ നടത്തുന്ന കെട്ടുകാഴ്‌ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ല. അതിനാലാണ് യു ഡി എഫ് പരിപാടി ബഹിഷ്‌കരിച്ചത് (UDF boycotts Navakerala Sadas). മഞ്ചേശ്വരത്ത് നടന്ന പൊതുപരിപാടിയില്‍ പുറമ്പോക്കിലായിരുന്നു പാവപ്പെട്ടവരുടെ സ്ഥാനം. മഞ്ചേശ്വരത്ത് ഒരു രൂപയുടെ ധനസഹായം നല്‍കുകയോ ഒരു പരാതി പോലും പരിഹരിക്കുകയോ ചെയ്‌തില്ല.
2011, 2013, 2015 എന്നിങ്ങനെ മൂന്ന് തവണ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 94,696 പരാതികളായിരുന്നു പരിഹരിച്ചത്. 11.94 കോടി രൂപയാണ് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌തത്. കാസര്‍ഗോഡ് 47 മണിക്കൂറായിരുന്നു അദ്ദേഹം പാവപ്പെട്ടവരോടൊപ്പം ചിലവഴിച്ചത്. 11.45 ലക്ഷം പരാതികള്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അദ്ദേഹം പരിഹരിച്ചു. 242 കോടി രൂപ ചെലവഴിക്കുകയും ചെയ്‌തിരുന്നു.
ഇത് പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ കണക്കാണ്. ഇങ്ങനൊരു തപസ്യക്ക് പിണറായി വിജയന്‍ തയ്യാറായില്ല. ബെന്‍സ് കാറും തലപ്പാവുമായി രാജാപ്പാര്‍ട്ട് കെട്ടാനാണ് അദ്ദേഹത്തിന്‍റെ മോഹം. ഉമ്മന്‍ചാണ്ടിയാകാന്‍ പിണറായി വിജയന് നൂറ് ജന്മമെടുത്താലും സാധിക്കില്ല. യു ഡി എഫിന്‍റെ ഭരണമെങ്കില്‍ ഇന്ന് കാണുന്ന വികസനം സാധ്യമാകുമോ എന്ന് ചോദ്യം ഉന്നയിക്കാന്‍ തന്നെ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം.