വിദേശത്ത് നിന്നും മടങ്ങിയെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് - kerala covid case
15:56 May 09
ഇടുക്കിയില്‍ ഒരാൾക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഏഴിന് ദുബായില്‍ നിന്നും കോഴിക്കോടെത്തിയ വ്യക്തിക്കും അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ വ്യക്തിക്കുമാണ് രോഗബാധ. ഇടുക്കിയില്‍ ഒരാൾക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. 505 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 23,930 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 36,648 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. ഇതില്‍ 36,002 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്.
രോഗികൾ ക്രമാതീതമായി വര്‍ധിച്ചാല്‍ 23 ആശുപത്രികളെ സമ്പൂര്‍ണ കൊവിഡ് ആശുപത്രികളാക്കി മാറ്റും. രോഗലക്ഷണമുള്ളവരെ ചികിത്സിക്കാന്‍ 207 സര്‍ക്കാര്‍ ആശുപത്രികളെയും 125 സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. പ്രവാസികളുടെ നിരീക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പുചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. തിരിച്ചെത്തുന്ന പ്രവാസികളുടെ മേല്‍നോട്ടത്തിന് എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. നിരീക്ഷണകേന്ദ്രങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇ-ജാഗ്രതാ ആപ്പുകൾ വഴി, ഡോക്‌ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ദേശങ്ങൾ നല്‍കും.
ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലേക്കെത്തിക്കാന്‍ ട്രെയിനുകൾ സജ്ജമാക്കും. ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെടും. വിദ്യാര്‍ഥികൾക്ക് മുന്‍ഗണന നല്‍കും. മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിനുകൾ പരിഗണനയിലുണ്ട്. ഡല്‍ഹി, മുംബൈ കേരളാ ഹൗസുകളിലും ചെന്നൈ, ബെംഗളൂരു നോര്‍ക്കാ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകൾ ആരംഭിക്കും. എത്തുന്ന ഓരോത്തര്‍ക്കും കൃത്യമായ പരിശോധന ഉറപ്പാക്കണം. എല്ലാവരെയും ഒന്നിച്ചെത്തിക്കാന്‍ സാധിക്കില്ല. പാസില്ലാത്തവരെ അതിര്‍ത്തിയില്‍ നിന്നും മടക്കിയയക്കും. ഞായറാഴ്‌ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പാലിക്കണം. പാല്‍, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകൾക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.