സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളില്ല; ഏഴ് പേര്‍ക്ക് രോഗമുക്തി - CM PINARAYI VIJAYAN
16:25 May 06
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 30. കൊവിഡ് ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷ പരിപാടികൾ ഉപേക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല. കോട്ടയത്ത് ആറ്, പത്തനംതിട്ടയില്‍ ഒന്ന് എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് രോഗമുക്തി. ഇതോടെ കോട്ടയവും പത്തനംതിട്ടയും കൊവിഡ് മുക്ത ജില്ലകളായി മാറി. നിലവില്‍ 30 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്. എട്ട് ജില്ലകളെ കൊവിഡ് മുക്ത ജില്ലകളായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പുതിയ ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപനമുണ്ടായില്ല.
പ്രവാസികളുമായി രണ്ട് വിമാനങ്ങൾ നാളെ കേരളത്തിലെത്തും. മടങ്ങിയെത്തുന്ന ഗര്‍ഭിണികളൊഴികെ ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളില്‍ കഴിയണം. ഈ മാസം 12ന് ദുബായില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികളുമായി വിമാനമെത്തും. വിമാനത്താവളങ്ങളിലെ സുരക്ഷയ്‌ക്ക് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഉത്തരേന്ത്യയില്‍ കുടുങ്ങിയ 1200 ഓളം വിദ്യാര്‍ഥികളെ കേരളത്തിലെത്തിക്കും. ഇതിനായി പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 6,802 പേര്‍ ഇതുവരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തിലേക്ക് തിരിച്ചെത്തുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയം മുന്‍കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകൾ മെയ് 21നും 29നും ഇടയില്‍ നടത്തും. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 മുതല്‍ തുടങ്ങും. സ്‌കൂൾ തുറക്കാന്‍ വൈകിയാല്‍ ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികൾക്കായി പ്രത്യേക പഠനപരിപാടി വിക്‌ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കും. ചെത്തുതൊഴിലാളികളുടെ ആവശ്യപ്രകാരം കള്ളുല്‍പാദനം ആരംഭിച്ചിട്ടുണ്ട്. കള്ളുഷാപ്പുകൾ മെയ് 13 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. കൊവിഡ് ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷ പരിപാടികൾ ഉപേക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.