തിരുവനന്തപുരം:വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. ഫര്‍സീന്‍ മജീദിനെയും നവീന്‍ കുമാറിനെയുമാണ് വിട്ടയച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇരുവരും പൂജപ്പുര ജില്ല ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി ജയിലിന് പുറത്ത് പ്രവർത്തകർ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്നത് പെട്ടെന്ന് ആലോചിച്ചെടുത്ത പ്രതിഷേധമായിരുന്നു എന്ന് ഫർസീൻ മജീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാനും പ്രൈവറ്റ് സെക്രട്ടറിയും ക്രൂരമായി മർദിച്ചു. പ്രതിഷേധ മുദ്രാവാക്യം വിളിക്കുമ്പോൾ മുഖ്യമന്ത്രി വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പുറത്തിറങ്ങിയിട്ടും ഇ.പി ജയരാജൻ മർദിച്ചുവെന്നും ഫര്‍സീന്‍ പറഞ്ഞു.
'ജീവന് ഭീഷണിയുണ്ട്':തങ്ങളെ കൂടാതെ നാലാമതൊരാൾ വിമാനത്തിലുണ്ടായിരുന്നെങ്കിൽ, ആരോപണം ഉന്നയിച്ചവർ തന്നെ അത് ആരെന്ന് പറയട്ടെ. സ്വാഭാവികമായ പ്രതിഷേധത്തെ തീവ്രവാദ പ്രവർത്തനമായി ചിത്രീകരിച്ചു. ഇത് കമ്മ്യൂണിസ്റ്റ് സർക്കാരിന് ചേർന്നതല്ല. ഒരു പെൻസിൽ പോലും കൈവശമില്ലാത്ത തങ്ങൾ എങ്ങനെ മുഖ്യമന്ത്രിയെ ആക്രമിക്കും. ജീവന് ഭീഷണിയുണ്ടെന്നും ഫർസീൻ പറഞ്ഞു.
ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു പ്രതിഷേധം. പ്രതികൾ വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തത്.