തിരുവനന്തപുരം : സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ അഴിമതി ആരോപണങ്ങളുടെ പുകമറ സൃഷ്‌ടിക്കുന്ന പ്രതിപക്ഷ നടപടിയെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിരോധിക്കാന്‍ തന്ത്രങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കിറങ്ങുന്നു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് (Lok Sabha Polls 2024) കൂടി മുന്നില്‍ കണ്ടാണ് നടപടി. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളെ ബോധവത്‌കരിക്കാന്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ രംഗത്തിറങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു (CM and Ministers Tour Through Constituencies).
പരിപാടിയുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നല്‍കി. നവകേരള നിര്‍മ്മിതിയുടെ (Nava Kerala Nirmithi) ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്‌ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തും.
നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്‌റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കര്‍ഷക തൊഴിലാളികളും മഹിളകളും വിദ്യാര്‍ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകള്‍ ആസൂത്രണം ചെയ്യും. മണ്ഡലം സദസിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.