തിരുവനന്തപുരം:മുതിര്‍ന്നസിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാളിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക കേരളത്തിന്‍റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വിഎസ് അച്യുതാനന്ദന്‍റേതെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തെ നിലവിലെ സ്ഥിതിയിലേക്ക് മാറ്റിയെടുക്കുന്നതിൽ വിഎസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും മുഖ്യമന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
വിഎസിന്‍റെ രാഷ്‌ട്രീയ പ്രവേശം മുതല്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ച സമരോത്സുക ജീവതത്തെക്കുറിച്ച് വിശദമായി കുറിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി, വിഎസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. വിഎസിന്‍റെ ചിത്രം ഉള്‍പ്പെടെ പങ്കവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആശംസ.
കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:ആധുനിക കേരളത്തിന്‍റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വിഎസ് അച്യുതാനന്ദന്‍റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വിഎസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ട ശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വിഎസ്.
1940 ൽ 17-ാം വയസ്സിൽ അവിഭക്ത കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായ വിഎസ്, പിന്നീട് സിപിഎം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) രൂപീകരിച്ച 32 പേരിൽ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയർന്നു.