തിരുവനന്തപുരം :നഷ്‌ടത്തില്‍ നിന്ന് ലാഭത്തിലേക്ക് ബെവ്റേജസ് കോര്‍പ്പറേഷനെ പിടിച്ചുകയറ്റുന്നതിനിടെ സര്‍ക്കാരുമായി ഇടഞ്ഞ എം.ഡി യോഗേഷ് ഗുപ്‌തയെ മാറ്റി. ബാറുകള്‍ക്ക് സമീപത്തുള്ള ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി പകരം വന്‍ വാടകയ്ക്ക് അപ്രധാന സ്ഥലങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുടങ്ങണമെന്ന എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം അപ്രായോഗികമെന്ന് ഫയലില്‍ കുറിച്ചതാണ് പൊടുന്നനെ യോഗേഷ് ഗുപ്‌തയെ മാറ്റാന്‍ കാരണമെന്നാണ് സൂചന.
മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിന് മുന്‍പേ നടപടി
ഡി.ഐ.ജി ശ്യാം സുന്ദറാണ് പുതിയ ബെവ്‌കോ എം.ഡി. പൊലീസ് ട്രെയിനിങ് എ.ഡി.ജി.പിയായാണ് യോഗേഷ് ഗുപ്‌തയെ മാറ്റി നിയമിച്ചിരിക്കുന്നത്.
ഞായറാഴ്‌ച മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് മുന്‍പേയാണ് മാറ്റം. നഷ്‌ടത്തിലായിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ ധൂര്‍ത്തും അഴിമതിയും ഒഴിവാക്കി ഇവയെ ലാഭത്തിലാക്കിയ ഉദ്യാഗസ്ഥന്‍ എന്ന ഖ്യാതിയാണ് യോഗേഷ് ഗുപ്തയ്ക്കുള്ളത്.