തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ സത്‌കാരത്തിനിടെ കൂട്ടത്തല്ല്. ശനിയാഴ്‌ച (12.11.22) വൈകിട്ട് ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്‌കാരത്തിനിടെയാണ് സംഘർഷം ഉണ്ടായത്. വധുവിന്‍റെ സഹോദരനും അയൽവാസിയായ അഭിജിത്തും തമ്മിലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചത്.
ബാലരാമപുരത്ത് വിവാഹ സത്‌കാരത്തിനിടെ കൂട്ടത്തല്ല് കൂട്ടത്തല്ലിൽ വധുവിന്‍റെ പിതാവും വിഴിഞ്ഞം സ്വദേശിയുമായ അനിൽകുമാറിനടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് വധുവിന്‍റെ സഹോദരനും അയൽവാസിയായ അഭിജിത്തും തമ്മിൽ വാക്കുതർക്കവും സംഘർഷവും നടന്നിരുന്നു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ വച്ച് സംഭവം ഒത്തുതീർപ്പാക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വധുവിന്‍റെ വീട്ടുകാർ അഭിജിത്തിനെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നാൽ ഇയാൾ വിവാഹ സത്‌കാരം നടക്കുന്ന ഹാളിലേക്കെത്തി വധുവിന്‍റെ പിതാവിന് 200 രൂപ ഉപഹാരമായി നൽകി. വധുവിന്‍റെ പിതാവ് ഇത് സ്വീകരിക്കാൻ തയാറായില്ല.
തുടർന്ന് ഇയാൾ പുറത്തുപോയി സംഘം ചേർന്നെത്തി ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെ മർദിക്കുകയായിരുന്നു. തുടർന്ന് വിവാഹ സത്കാരത്തിനെത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലില്‍ കലാശിച്ചു. കൂടുതൽ പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സുരക്ഷയിലാണ് ഇന്ന് വിവാഹം നടക്കുന്നത്.