തിരുവനന്തപുരം:അമിതമായി ചോദിച്ച ഇറക്കു കൂലി നൽകാത്തതിനാൽ ചുമട്ട് തൊഴിലാളികൾ ഉടമയെക്കൊണ്ട് തടികൾ ഇറക്കിവെപ്പിച്ചതായി പരാതി. ചിറ്റാറ്റുമുക്കിലെ സിഐടിയു തൊഴിലാളികൾക്കെതിരെ ശിവഹരി വുഡ് ഇൻഡസ്ട്രീസ് ഉടമ രശ്‌മിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിൽ കഠിനംകുളത്തെ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ പത്തു വർഷമായി രശ്‌മിയുടെ ശിവഹരി വുഡ് ഇൻഡസ്ട്രീസ് പ്രവർത്തിക്കുന്നു. ഈ വനിതക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്.
കൂലിത്തർക്കം; ചുമട്ട് തൊഴിലാളികൾ ഉടമയെക്കൊണ്ട് തടികൾ ഇറക്കിവെപ്പിച്ചതായി പരാതി
851 രൂപയാണ് ഇറക്കു കൂലി മുൻപ് വാങ്ങിയിരുന്നതെങ്കിലും 1700 രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നും സ്ഥാപനത്തിലെ ജോലിക്കാർ ഇറക്കാമെന്ന് പറഞ്ഞിട്ടും യൂണിയൻകാർ അനുവദിച്ചില്ലെന്നും പരാതിക്കാരി പറഞ്ഞു.
പഞ്ചായത്തുകൾക്കും സ്കൂളുകൾക്കും തടി ഫർണിച്ചർ നിർമ്മിച്ചു നൽകുന്ന സ്ഥാപനമാണിത്. കഴിഞ്ഞ മാസം 22നാണ് സംഭവം. ഒരു മിനിലോറിയിലെത്തിച്ച തടികൾ ഇറക്കാനായി ചിറ്റാറ്റു മുക്കിലെ സിഐടിയു തൊഴിലാളികൾ അമിത കൂലി ചോദിച്ചു. സ്ഥിരമായി നൽകുന്ന ഇറക്കു കൂലി നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ല. 851 രൂപയാണ് ഇറക്കു കൂലി മുൻപ് വാങ്ങിയിരുന്നതെങ്കിലും 1700 രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നും സ്ഥാപനത്തിലെ ജോലിക്കാർ ഇറക്കാമെന്ന് പറഞ്ഞിട്ടും യൂണിയൻകാർ അനുവദിച്ചില്ലെന്നും പരാതിക്കാരി പറഞ്ഞു.
സ്ത്രീയാണെന്ന പരിഗണന പോലും ഇക്കൂട്ടർ നൽകിയില്ലെന്നും തടി മുഴുവൻ തനിയെ ഇറക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ഭർത്താവ് മരിച്ചതിനുശേഷം രശ്‌മി ഒറ്റക്കാണ് സ്ഥാപനം നടത്തുന്നത്. സംഭവത്തിൽ ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ലേബർ കാർഡില്ലാത്തവർ പോലും ഈ പ്രദേശത്ത് കയറ്റിറക്ക് നടത്താറുണ്ടെന്നും രശ്‌മി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ നാഷണൽ സ്‌കിൽ ഡവലപ്മെന്‍റ് കോർപറേഷന്‍റെ നൈപുണ്യ പരിശീലന കേന്ദ്രമായി ഈ സ്ഥാപനം തെരഞ്ഞെടുത്തിട്ടുണ്ട്.