തിരുവനന്തപുരം:കെഎസ്‌ആർടിസിയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സിഐടിയു നടത്തിവന്ന സമരം പിൻവലിച്ചതായി സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. തൊഴിലാളി യൂണിയനുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച വിജയമായതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ 89 ദിവസങ്ങളായി സിഐടിയു നടത്തിയ സമരമാണ് അവസാനിപ്പിച്ചത്.
കെഎസ്‌ആര്‍ടിസിയിലെ സിഐടിയു സമരം അവസാനിപ്പിച്ചു - ksrtc crisis
മുഖ്യമന്ത്രിയുമായി സിഐടിയു നടത്തിയ ചര്‍ച്ച വിജയമായിരുന്നു. ഇതേതുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് സിഐടിയും സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.
എല്ലാ മാസവും 5ന് മുൻപ് ശമ്പളം വിതരണം ചെയ്യുക, താത്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സിഐടിയുവിൻ്റെ സമരം. മുഖ്യമന്ത്രിയുമായി ഇന്ന്(05.09.2022) നടന്ന ചർച്ചയിൽ ഇക്കാര്യങ്ങളിലടക്കം അനുകൂല തീരുമാനമുണ്ടായ സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നത്.
മാത്രമല്ല ജീവനക്കാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ആക്‌ട് 1961 / റൂൾസ് 1962 പ്രകാരം ഡ്യൂട്ടികൾ ക്രമീകരിക്കാനും 12 മണിക്കൂർ സ്പ്രെഡ് ഓവറിൽ 8 മണിക്കൂർ ഡ്യൂട്ടി പ്രയോജനകരമാകുന്ന ഷെഡ്യൂളുകളിൽ മാത്രം അതാത് മേഖലകളിൽ ചർച്ച ചെയ്‌ത് നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിതല ചർച്ചയിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ സിഐടിയു അംഗീകരിച്ചു.