ആന്‍റണി രാജു വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ആനത്തലവട്ടം തിരുവനന്തപുരം :ഗതാഗത മന്ത്രി ആൻ്റണി രാജുവിനും കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനുമെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു. കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനങ്ങൾ മന്ത്രി പാലിക്കുന്നില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി. മാനേജ്മെൻ്റ് പ്രതികാര നടപടികൾ എടുക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെൻ്റ് ഉത്തരവിനെതിരെ സിഐടിയു നാളെ ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. മാനേജ്മെൻ്റ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും സിഐടിയു കുറ്റപ്പെടുത്തി.
മാനേജ്മെൻ്റ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി പൂർണ പരാജയമാണ്. പരിഷ്‌കാരങ്ങളും മാറ്റങ്ങളും ആരുമായും ആലോചിക്കാതെയാണ് ചെയ്യുന്നത്. ഇഷ്‌ടക്കാരെവച്ച് സിഎംഡി ഭരിക്കുകയാണ്.
മാനേജ്മെന്‍റ് പുറത്തിറക്കിയ ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന ഉത്തരവിനെയും വേതനം ഗഡുക്കളായി നൽകാനുള്ള ഉത്തരവിനെയും സിഐടിയു എതിർക്കുന്നു. നിർബന്ധിത വിആർഎസിനോട് യോജിക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തൊഴിലാളികളെ വളർത്തുനായ്ക്കളായി മാറ്റാന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥനെ മാറ്റിയാൽ പ്രശ്‌നം തീരുമെന്ന് തോന്നുന്നില്ല.
സിഎംഡിയെ ആ സ്ഥാനത്ത് തന്നെ ഇരുത്തിക്കൊണ്ട് മര്യാദ പഠിപ്പിക്കണം. ശമ്പളം നൽകാൻ പണമില്ലെന്ന് സിഎംഡി പറയുന്നത് എങ്ങനെയെന്നും ടിക്കറ്റ് വിറ്റ് കിട്ടുന്നത് മഞ്ചാടിക്കുരുവാണോ എന്നും അദ്ദേഹം ചോദിച്ചു. കെഎസ്ആർടിസിയിലെ നിയമന രീതിയിൽ ക്രമക്കേടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സീനിയോറിറ്റി ഇല്ലാത്തവരെ നിയമിക്കുന്നു. പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ് മാനേജ്മെന്‍റ് നിലപാട്. എംപാനൽ ജീവനക്കാരെ തെക്ക് വടക്ക് നടത്തിക്കുന്നു. തൊഴിലാളികളെ മാനേജ്മെന്‍റ് പറ്റിക്കുകയാണെന്നും സിഐടിയു ആരോപിച്ചു.
അതേസമയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം പൂർണമായി വിതരണം ചെയ്യുക, കെഎസ്ആർടിസിയുടെ വരവ് ചെലവുകളിൽ മുൻഗണനാക്രമം നിശ്ചയിച്ച് ശമ്പള വിതരണത്തിന് പ്രാധാന്യം നൽകുക, താൽക്കാലിക ജീവനക്കാരുടെ ക്രമവിരുദ്ധമായ നിയമനങ്ങൾ റദ്ദ് ചെയ്യുകയും നേരത്തെ അംഗീകരിച്ച ലിസ്റ്റിൽ നിന്ന് സീനിയോറിറ്റി അനുസരിച്ച് നിയമനം നടത്തുകയും ചെയ്യുക, സ്വിഫ്റ്റിലെയും കെഎസ്ആർടിസിയിലേയും വരവ് ചെലവ് കണക്കുകൾ സർക്കാർ ഓഡിറ്റിന് വിധേയമാക്കുക, കെ സ്വിഫ്റ്റിലെ നിയമനങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു നാളെ ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തുന്നത്.