തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ നിലപാട് എടുത്ത കോടതിയേയും വ്യാപാരി സമൂഹത്തെയും വിമര്‍ശിച്ച് സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ. ഓലപ്പാമ്പ് കാണിച്ച് ആത്മാഭിമാനമുള്ള തൊഴിലാളിസമൂഹത്തെ വിരട്ടാൻ കഴിയില്ലെന്ന് കോടതി വിധിയെ പരാമര്‍ശിച്ച് അദ്ദേഹം പ്രതികരിച്ചു. സമരത്തിനെതിരെ നിലപാട് എടുത്ത വ്യാപാരികള്‍ സമര വിരോധികളാണെന്നും ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു.
സിഐടിയു കടകൾ നിർബന്ധമായി അടപ്പിക്കില്ലെന്നും എന്നാല്‍ കടകൾ തുറന്നാലും വാങ്ങാൻ ആളുകൾ വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സമരത്തിൽ നിന്ന് പിൻമാറാൻ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ആനത്തലവട്ടം പണിയെടുക്കുന്നതു പോലെ പണിയെടുക്കാതിരിക്കുന്നതും പൗരൻ്റെ മൗലിക അവകാശം ആണെന്നും പറഞ്ഞു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമാണെന്നും പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അറിയിച്ച കേരള ഹൈക്കോടതിയുടെ വിധിക്ക് എതിരെയായിരുന്നു ആനത്തലവട്ടം ആനന്ദിന്‍റെ പ്രതികരണം.