തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൊഫിയ പര്‍വീന്‍ ആത്മഹത്യ കേസില്‍ (Mofiya Parveens Suicide Case) ആരോപണ വിധേയനായ സിഐ എൽ.സുധീര്‍ ഡിജിപി അനില്‍ കാന്തിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. മൊഫിയയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്‌ചയുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് ബുധനാഴ്‌ച തന്നെ സമര്‍പ്പിക്കാന്‍ കൊച്ചി റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്‌തയ്‌ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുധീറിനോട് നേരിട്ട് ഹാജരാകാന്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് സേനയ്ക്ക് വീഴ്‌ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭര്‍ത്താവിന്‍റെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സ്റ്റേഷനില്‍ വച്ച് അപമാനിക്കുകയാണ് സിഐ ചെയ്‌തതെന്നും നടപടിയെടുക്കണമെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ് മൊഫിയ പര്‍വീന്‍ ജീവനൊടുക്കിയത്.