കേരളം

kerala

ETV Bharat / state

തനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ വ്യാജം, തെളിയിക്കാന്‍ കൂടുതല്‍ സമയം വേണം : സി ഐ സുനു

4 പീഡനക്കേസുകള്‍ ഉള്‍പ്പടെ 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനുവിനെ ഉടന്‍ തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് സര്‍ക്കാര്‍ തീരുമാനം

സുനു  പി ആര്‍ സുനു  P R SUNU  ഡിജിപി അനില്‍കാന്ത്  സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി ആര്‍ സുനു  Circle Inspector PR Sunu  PR Sunu  CI PR SUNU ONLINE HEARING UPDATE  CI PR SUNU
സി ഐ സുനു ഓണ്‍ലൈൻ ഹിയറിങ്

By

Published : Jan 5, 2023, 4:38 PM IST

തിരുവനന്തപുരം :തനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ വ്യാജമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി ആര്‍ സുനു. സ്ത്രീ പീഡനമടക്കമുള്ള കേസുകളില്‍ പ്രതിയായ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന് മുമ്പായുള്ള ഡിജിപിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തെളിയിക്കാന്‍ കൂടുതല്‍ സമയവും സുനു ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഓണ്‍ലൈനായാണ് സുനു ഹിയറിംഗിന് ഹാജരായത്. കാരണം കാണിക്കാന്‍ നേരിട്ട് ഹാജരാകണമെന്ന് സുനുവിന് ഡിജിപി അനില്‍കാന്ത് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സുനു നോട്ടിസിന് മറുപടിയായി ഡിജിപിയെ അറിയിച്ചു.

ചികിത്സ പൂര്‍ത്തിയാകുന്നതുവരെ സാവകാശം വേണമെന്നും സുനു ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഓണ്‍ലൈന്‍ ഹിയറിങ് നടത്തിയത്. സുനുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയുടെ പരിഗണനയിലാണ്. ഇതില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ചട്ടം. ഇത് കൂടി പരിശോധിച്ച ശേഷമേ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം. പിരിച്ചുവിടലിനെതിരെ സുനു അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ സുനുവിന്‍റെ ആവശ്യം ട്രിബ്യൂണല്‍ തള്ളി. ഇതോടെയാണ് പിരിച്ചുവിടാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

പൊലീസിലെ ക്രിമിനൽ : 4 പീഡനക്കേസുകള്‍ ഉള്‍പ്പടെ 9 എണ്ണത്തില്‍ പ്രതിയാണ് സുനു. ഇത് കൂടാതെ 15 തവണ വകുപ്പുതല അന്വേഷണവും 6 മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലാണ് അവസാനമായി സുനു പ്രതിയായത്. ഈ കേസില്‍ തൃക്കാക്കര പൊലീസ് സുനു ജോലി ചെയ്‌തിരുന്ന ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെത്തി കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് വീണ്ടും സുനു സ്റ്റേഷനില്‍ ജോലിക്ക് ഹാജരായി. ഇതില്‍ വിമര്‍ശനമുയര്‍ന്നതോടെ അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. പിരിച്ചുവിടല്‍ നടപടി പുരോഗമിക്കുമ്പോഴും സുനുവിനെ രക്ഷിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

തൃക്കാക്കര പീഡന കേസില്‍ സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭര്‍ത്താവിന്‍റെ സമ്മര്‍ദത്തിലാണ് യുവതി പീഡന പരാതി നല്‍കിയതെന്നും തൃക്കാക്കര എസ്‌പി കൊച്ചി ഡിസിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാത്തതിനാലാണ് സുനുവിനെ കേസില്‍ അറസ്റ്റ് ചെയ്യാത്തത്.

ALSO READ:സിഐ പി ആര്‍ സുനുവിന്‍റെ ഹിയറിങ് ഇന്ന്; നടപടി പിരിച്ചു വിടലിന്‍റെ ഭാഗമായി

ആരോപണത്തിന്‍റെ പേരില്‍ മാത്രം അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിമിനലുകളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്രയധികം ആരോപണങ്ങൾ ഉണ്ടായിട്ടും സുനുവിനെതിരായ നടപടി വൈകുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details