തിരുവനന്തപുരം : ക്രിസ്‌മസ് ദിനത്തിലും സെക്രട്ടേറിയറ്റിനുമുന്നിൽ സമരനിര. നിൽപ്പുസമരം തുടരുന്ന സർക്കാർ ഡോക്ടർമാർ മുതൽ നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഹയർ സെക്കൻഡറി ഇംഗ്ലീഷ് റാങ്ക് ഹോൾഡർമാരുടെ വരെ സമരം ഇത്തവണ ക്രിസ്‌മസ് ദിനത്തിലെ കാഴ്ചയാണ്.
വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ഡോക്‌ടർമാർ നടത്തുന്ന സമരം 18ാം ദിവസത്തിലേക്ക് കടന്നു. ശമ്പള പരിഷ്കരണത്തിനുശേഷം കഴിഞ്ഞ പത്തുമാസമായി തുടരുന്ന പ്രതിഷേധങ്ങളാണ് ഒടുവിൽ നിൽപ്പുസമരത്തിലേക്ക് ഡോക്‌ടർമാരെ നയിച്ചത്. ഇതിനിടെ നടത്തിയ ചർച്ചകൾ ഒന്നും ഫലം കണ്ടില്ല. വേണ്ടുവോളം സമയം നൽകിയിട്ടും സർക്കാർ തുടരുന്ന അനാസ്ഥയാണ് ക്രിസ്മസ് ദിനത്തിലും തങ്ങളെ തെരുവിൽ എത്തിച്ചതെന്ന് ഡോക്‌ടർമാർ പറയുന്നു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കും. ജനുവരി നാലിന് സർക്കാർ ഡോക്ടർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. തുടർന്നും സർക്കാർ പരിഗണിച്ചില്ലെങ്കിൽ ഡിസംബർ 18ന് ചികിത്സ മുടക്കി സമരം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാണ് തീരുമാനം.