തിരുവനന്തപുരം: കേരള ക്രിസ്ത്യൻ സെമിത്തേരി ബില്ലില്‍ ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ബാലൻ. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടശേഷമാണ് മന്ത്രിയുടെ പ്രതികരണം. നിയമങ്ങൾ അന്തിമമല്ല. ആവശ്യമുള്ളപ്പോൾ ഭേദഗതി കൊണ്ടു വരാം. മൃതദേഹങ്ങൾ അനാഥമാക്കാൻ സർക്കാർ അനുവദിക്കില്ല. ഇത്തരം വിഷയങ്ങളിൽ നോക്കി നിൽക്കാൻ കഴിയില്ല. ആർക്കും നിയമത്തിൽ ആശങ്ക വേണ്ട. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നിയമമാണ് സർക്കാർ കൊണ്ട് വന്നത്. പ്രതിപക്ഷത്തിന്‍റെ നിർദ്ദേശങ്ങൾ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുമെന്നും എകെ ബാലൻ വ്യക്തമാക്കി.
സഭാ തര്‍ക്കത്തിന്‍റെ പേരില്‍ ഒരു മൃതശരീരവും അനാഥമാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ക്രിസ്ത്യന്‍ സെമിത്തേരി നിയമത്തിലെ ആശങ്കകള്‍ നിയമസഭാ സബ്ജക്ട് കമ്മറ്റി പരിശോധിക്കുമെന്നും മന്ത്രി. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിന്‍റെ പേരില്‍ മൃതദേഹം സംസ്‌കരിക്കുന്നത് വൈകുന്നതും അതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ക്രമസമാധാന പ്രശ്‌നമാകുന്നതും തടയുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ക്രിസ്ത്യന്‍ സെമിത്തേരി ബില്ല് കൊണ്ടുവന്നത്. സുപ്രീം കോടതി വിധിയെച്ചൊല്ലി രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കം ശവ സംസ്‌കാരത്തെ തടസ്സപ്പെടുത്തുന്ന തരത്തിലേക്ക് ബാധിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ബില്ല് അവതരിപ്പിച്ച് മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. ഒരു ഇടവകയിൽ ഉൾപ്പെടുന്ന കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും പൂർവികരുടെ കല്ലറകളിൽ അടക്കം ചെയ്യാനുള്ള അവകാശമുണ്ട്. ഇതിന് വേണ്ടിയാണ് നിയമനിർമാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.