തിരുവനന്തപുരം:വേനൽചൂടിന്‍റെ കാഠിന്യത്തെ മറികടന്നു കൊണ്ടാണ് ഓരോ സ്ഥാനാർഥിയും വോട്ടഭ്യർഥിക്കാനിറങ്ങുന്നത്. പതിവ് പോലെ വോട്ടഭ്യർഥനയുമായി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് വന്നതായിരുന്നു ചിറയൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബി.എസ് അനൂപ്. യാദൃശ്ചികമായാണ് തൊഴിലാളികൾക്കിടയിൽ സ്വന്തം അമ്മയെ കണ്ടത്. തുടർന്ന് വികാരാദീതമായ രംഗങ്ങൾക്കാണ് ചിറയൻകീഴ് സാക്ഷ്യം വഹിച്ചത്. എല്ലാം മറന്ന് കെട്ടിപ്പിടിക്കാൻ വന്ന സ്ഥാനാർഥിയായ മകനെ അമ്മ വിലക്കി. "തൊടേണ്ട മോനെ ഉടുപ്പിൽ മണ്ണ് പറ്റും " അതു വകവയ്ക്കാതെ അനൂപ് അമ്മയെ ചേർത്തു പിടിച്ചു.
"തൊടേണ്ട മോനെ ഉടുപ്പിൽ മണ്ണ് പറ്റും " കണ്ടുനിന്നവരുടെ കണ്ണ് നനയിച്ച് അനൂപ് - chiryankeezhu
മുൻപ് കയർ തൊഴിലാളിയായിരുന്ന അനൂപിന്‍റെ അമ്മ സുദേവി അവിടെ തൊഴിലില്ലാതായതോടെയാണ് തൊഴിലുറപ്പ് തൊഴിലിനിറങ്ങിയത്
മുൻപ് കയർ തൊഴിലാളിയായിരുന്ന അനൂപിന്‍റെ അമ്മ സുദേവി അവിടെ തൊഴിലില്ലാതായതോടെയാണ് തൊഴിലുറപ്പ് തൊഴിലിനിറങ്ങിയത്. വർഷങ്ങൾക്കു മുൻപേ കൂലിപ്പണിക്കിറങ്ങിയാണ് കുട്ടിയായിരുന്ന അനൂപ് അടക്കം മൂന്ന് ആൺ മക്കളെയും സുദേവി വളർത്തിയത്. അച്ഛൻ ബ്രഹ്മാനന്ദന് പക്ഷാഘാതം വന്ന് ജോലിക്ക് പോകാൻ കഴിയില്ല. മകൻ പഞ്ചായത്ത് മെമ്പറും സ്ഥാനാർഥിയും ഒക്കെ ആയപ്പോഴും അമ്മ തൊഴിലുറപ്പ് ജോലിയിൽ സജീവമാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രാഷ്ട്രീയവുമായി മുന്നോട്ട് പോകുമ്പോഴും വീട്ടു ചെലവിന് സഹായമായത് അമ്മയുടെ തൊഴിലുറപ്പ് ജോലിയാണെന്ന് അനൂപ് പറയുന്നു. തെരഞ്ഞെടുപ്പ് രംഗത്തെ കണ്ണീരിന്‍റെ നനവുള്ള ഈ രംഗം തൊഴിലുറപ്പ് തൊഴിലാളികൾ തന്നെയാണ് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.