തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനും കേരളം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ഇതിനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍
വാക്‌സിനേഷന്‍ എടുക്കുന്നതിന് മുന്‍പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കോവാക്‌സിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കുക. സംസ്ഥാനത്ത് 15 ലക്ഷത്തോളം കുട്ടികളാണ് 15-18 വരെ പ്രായമുള്ള വിഭാഗത്തില്‍ വരുന്നത്.
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശമനുസരിച്ചാകും ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിന് മുകളില്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക.
രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത ശേഷം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 98 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 78 ശതമാനവുമായിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാന്‍ സമയം കഴിഞ്ഞവരും വാക്‌സിന്‍ സ്വീകരിക്കണം.
Also Read: ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ; രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി
സംസ്ഥാനത്ത് 25 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാല്‍ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക. തിരക്കൊഴിവാക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.