തിരുവനന്തപുരം:വിവാദമായ കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച് സി.പി.ഐ പരസ്യമായി രംഗത്തു വന്നതിനു പിന്നാലെ പാര്‍ട്ടിയുടെ ആദ്യകാല ഉന്നത നേതാക്കളുടെ മക്കള്‍ പദ്ധതിക്കെതിരെ രംഗത്ത്. സി.അച്യുതമേനോന്‍, എം.എന്‍.ഗോവിന്ദന്‍നായര്‍, കെ.ദാമോദരന്‍, എന്‍.ഇ.ബാലറാം, സുബ്രമണ്യ ശര്‍മ്മ, സി. ഉണ്ണിരാജ, പി.ടി.പുന്നൂസ്, കെ.ഗോവിന്ദപ്പിള്ള, കെ.മാധവന്‍, പി.രവീന്ദ്രന്‍, വി.വി.രാഘവന്‍, പവനന്‍, പുതുപ്പള്ളി രാഘവന്‍, കാമ്പിശേരി കരുണാകരന്‍ എന്നിവരുടെ മക്കളാണ് കെ-റെയിലില്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തു നല്‍കിയത്.
കത്തില്‍ ഒപ്പിട്ടിട്ടത് 21 പേർ
കെ-റെയില്‍ വിഷയത്തില്‍ ജനവികാരം അവഗണിച്ചുള്ള സി.പി.എം നിലപാടിനൊപ്പം നില്‍ക്കാന്‍ സി.പി.ഐക്ക് ഒരു ബാദ്ധ്യതയുമില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി കത്തില്‍ പറയുന്നു. കെ - റെയില്‍ പോലെ ബഹുഭൂരിപക്ഷം വരുന്ന ഒരു സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ള ഒരു പ്രശ്‌നം വരുമ്പോള്‍ വിപുലമായ ഒരു ചര്‍ച്ചയും കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നിലപാടെടുക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു.