തിരുവനന്തപുരം:ആദ്യന്തം നീണ്ടു നിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ 24 മണിക്കൂറിലേറെ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നു മടങ്ങി. രാവിലെ 11മണിയോടെ ബിനീഷിന്‍റെ വീട്ടില്‍ നിന്നിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്‍റ് സംഘത്തിന്‍റെ വാഹനം പൂജപ്പുര പൊലീസ് തടഞ്ഞു. ഇത്രയും സമയം ബീനിഷിന്‍റെ വീട്ടില്‍ കഴിഞ്ഞതിനുള്ള കാരണം കാണിക്കണമെന്ന് കന്‍റോണ്‍മെന്‍റ് എ.സി സുനീഷ് ബാബു ഇ.ഡിയോടാവശ്യപ്പെട്ടു. നല്‍കാമെന്ന് ഇഡി സംഘം ഉറപ്പു നല്‍കിയ ശേഷമാണ് ഇവരെ പോകാന്‍ പൊലീസ് അനുവദിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥരും അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരും തിരുവനന്തപുരം മരുതുംകുഴിയിലെ കോടിയേരി എന്ന വീട്ടിലെത്തിയത്.
ഇന്നും അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്ക് ബിനീഷിന്‍റെ വീട് സാക്ഷ്യം വഹിച്ചു.
രാവിലെ 9 മണി: ബിനീഷിന്‍റെ മാതൃസഹോദരന്‍ വിനയകുമാര്‍, മാതൃസഹോദരി ലില്ലി, വിനയകുമാറിന്‍റെ ഭാര്യ അഡ്വക്കേറ്റ് ശ്രീലത എന്നിവര്‍ എത്തി. അകത്തേക്ക് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും വീടിനു പുറത്തു കാവലുണ്ടായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. അഡ്വക്കേറ്റ് ശ്രീലത അഭിഭാഷക എന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചെങ്കിലും സി.ആര്‍.പി.എഫ് വഴങ്ങിയില്ല. ഇതോടെ ഇവര്‍ വീടിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രാവിലെ 10.15: ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ്കുമാറും അംഗങ്ങളും സ്ഥലത്തെത്തി. ഇവരെയും ഗേറ്റിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ സി.ആര്‍.പി.എഫ് തയ്യാറായില്ല. തങ്ങള്‍ ജുഡീഷ്യല്‍ അധികാരമുള്ള സമിതിയാണെന്ന് ഈ സമയം ബാലവകാശകമ്മിഷന്‍ ചെയര്‍മാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. 24 മണിക്കൂറിലധികമായി കുട്ടികളെ തടഞ്ഞു വച്ചിരിക്കുന്നതിന് വിശദീകരണം ആവവശ്യപ്പെട്ട് കമ്മിഷന്‍ ഉടന്‍ നോട്ടീസ് ഇറക്കി. ഈ നോട്ടീസുമായി അകത്തുപോയ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കൊപ്പം ബിനീഷിന്‍റെ ഭാര്യ റെനിറ്റ, മാതാവ് മിനി, ബിനീഷിന്‍റെ മകള്‍ എന്നിവര്‍ വീടിനു പുറത്തു വന്നു. ഇവര്‍ ഗേറ്റിനു പുറത്തുള്ള ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെ ബിനീഷിന്‍റെ ഭാര്യയെ സി.ആര്‍.പി.എഫ് വനിതാ കോണ്‍സ്റ്റബിള്‍ ബലമായി അകത്തേക്കു കൊണ്ടു പോയി.