തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്‌ത പോക്‌സോ കേസുകളിൽ (POCSO Cases) ഭൂരിഭാഗവും ഇരകളുടെ വീടുകളിൽ നിന്നാണെന്ന് ബാലവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ് കുമാർ (Child Rights Commission Chairman Manoj Kumar). കുട്ടികൾ കുടുംബത്തിൽ നിന്നും നേരിടുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കുടുംബശ്രീയുമായി ചേർന്ന് ബോധവൽക്കരണം നടത്തുമെന്നും മനോജ് കുമാർ ഇ ടി വി ഭാരതിനോട് പ്രതികരിച്ചു. 2022-23 വർഷത്തെ ബാലാവകാശ കമ്മിഷന്‍റെ വാർഷിക റിപ്പോർട്ടിലാണ് പോക്‌സോ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന വസ്‌തുതയുള്ളത്.
പോക്‌സോ നിയമം പ്രാബല്യത്തിൽ ആയ ശേഷം 10 വർഷത്തിനിടെ കേരളത്തിൽ കേസുകൾ നാല് ഇരട്ടിയായിട്ടുണ്ട്. കൊവിഡ് കാലം മുതൽ നടത്തിയ പഠനത്തിൽ വീടുകളിൽ നിന്നാണ് കുട്ടികൾ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നേരിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേരളത്തിലെ രക്ഷിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണം ആവശ്യമുണ്ടെന്നും ബാലവകാശ കമ്മിഷൻ ചെയർമാൻ പറഞ്ഞു.
കേരളത്തിൽ കേസുകൾ കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നു : പോക്‌സോ നിയമത്തിൽ 16 വയസിന് താഴെയുള്ളവരെ പരിഗണിക്കുന്നത് സംബന്ധിച്ച നിർദേശത്തോട് യോജിപ്പില്ല. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ശിക്ഷ കൃത്യമായി നടപ്പിലാക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പൊലീസ് ഇത്തരം കേസുകൾ കൃത്യമായി രജിസ്റ്റർ ചെയ്യാൻ തയ്യാറാവുന്നുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ എണ്ണം കൂടുതലായി കാണുന്നത്.
വീടുകളിൽ നിന്നുള്ള അതിക്രമങ്ങൾ വർധിക്കുന്നത് പരിഗണിച്ച് 'ബാല സൗഹൃദ കേരളം' എന്ന ക്യാമ്പയിന്‍റെ ഭാഗമായി നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം ബ്ലോക്ക് തലത്തിൽ നടത്തിയിട്ടുണ്ടന്നും പഞ്ചായത്ത് തലത്തിൽ നടത്താനുള്ള നടപടികൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.