തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്‍റെ നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയതില്‍ കേസെടുത്ത് (Child Rights Commission) ബാലാവകാശ കമ്മിഷന്‍. തലശ്ശേരിയിലെ ചമ്പാട് എൽപി സ്‌കൂള്‍, ചേതാവൂർ ഹൈസ്‌കൂൾ, ചമ്പാട് വെസ്റ്റ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയാണ് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വെയിലത്ത് നിര്‍ത്തിയത്. കടുത്ത ബാലാവകാശ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി എംഎസ്‌എഫ് നല്‍കിയ പരാതിയിലാണ് ബാലവകാശ കമ്മിഷന്‍റെ നടപടി.
വിഷയത്തില്‍ ബാലവകാശ കമ്മിഷന്‍ അധ്യാപകരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇന്നലെയാണ് (നവംബര്‍ 22) കേസിനാസ്‌പദമായ സംഭവം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നിന്നും കൂത്തുപറമ്പിലെ പാനൂരിലേക്കുള്ള നവകേരള സദസിനിടെയാണ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വെയിലത്ത് നിന്നത്. രാവിലെ 11 മണി മുതല്‍ 12.30 വരെയാണ് വിദ്യാര്‍ഥികള്‍ വെയിലത്ത് കാത്ത് നിന്നത്.
കേസ് വെറെയുമുണ്ട്:സംസ്ഥാന സര്‍ക്കാറിന്‍റെ നവകേരള സദസില്‍ വിദ്യാര്‍ഥികളെ എത്തിക്കണമെന്ന തിരൂരങ്ങാടി ഡിഇഒയുടെ നിര്‍ദേശത്തിനെതിരെയും നേരത്തെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. ഇതിലും അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇത് ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി: നവകേരള സദസിന് കണ്ണൂരില്‍ കുട്ടികളെ ഇറക്കിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എംഎസ്‌എഫിന്‍റെ പരാതിയില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായെത്തിയത്. നവകേരള സദസിന് വിദ്യാര്‍ഥികളെ ഇറക്കുന്നത് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കുട്ടികളെ കണ്ടത് തണലത്താണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനായി വിദ്യാര്‍ഥികളെ പ്രത്യേക സമയത്ത് റോഡില്‍ ഇറക്കി നിര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
also read:Teacher Cuts Student's Hair In Assembly: അസംബ്ലിക്കിടെ അധ്യാപിക ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍