തിരുവനന്തപുരം: ചൈൽഡ് പോണോഗ്രഫി തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുനീളം നടത്തിയ പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. റെയ്‌ഡിൽ കുട്ടികളുടെ അശ്‌ളീല ഉള്ളടക്കം അടങ്ങിയ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള 270 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും 142 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ യുവാക്കളും ഐടി ജീവനക്കാരും ഉൾപ്പെടുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം ഒരേസമയം നടത്തിയ റെയ്‌ഡുകളിലാണ് കുട്ടികളുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്‌ത ആളുകളെ പിടികൂടിയത്. 2023 ഫെബ്രുവരി 26 ഞായറാഴ്‌ച പുലർച്ചെ മുതൽ സംസ്ഥാനത്തുടനീളം ഒരേസമയം റെയ്‌ഡുകൾ നടത്തി. പി-ഹണ്ട് 23.1 എന്ന പേരിലാണ് കേരള പൊലീസ് സിസിഎസ്ഇ (ചൈൽഡ് സെക്ഷ്വൽ എക്‌സ്പ്ലോയിറ്റേഷൻ കൗണ്ടറിംഗ്) ടീം റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 858 സ്ഥലങ്ങളിൽ പരിശോധന നടത്തി.