തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചതിന് കേരളാ പൊലീസ് സംസ്ഥാനത്തുടനീളം 10 പേരെ അറസ്റ്റ് ചെയ്‌തു (Child pornography arrests in Kerala). കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകള്‍ കാണുകയും പങ്കുവെക്കുകയും ചെയ്‌തുവെന്നാരോപിച്ച് കേരളാ പൊലീസ് സംസ്ഥാനത്തുടനീളം ഒരേസമയം നടത്തിയ റെയ്‌ഡുകളില്‍ (simultaneous raids across state) 10 പേരെ അറസ്റ്റ് ചെയ്യുകയും 46 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.
123 ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ചൈൽഡ് പോണോഗ്രഫി തടയുന്നതിനുള്ള കേരള പൊലീസിന്‍റെ ഓപ്പറേഷൻ പി-ഹണ്ടിന്‍റെ ഭാഗമായാണ് റെയ്‌ഡ് നടത്തിയത് (P-Hunt to crackdown on child pornography). മലപ്പുറം ജില്ലയിൽ നിന്ന് നാല് പേരെയും ഇടുക്കി, കൊച്ചി നഗരങ്ങളിൽ നിന്ന് രണ്ട് പേരെ വീതവും ആലപ്പുഴ, എറണാകുളം റൂറൽ ഏരിയകളിൽ നിന്ന് ഓരോരുത്തരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു.
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള പൊലീസ് സിസിഎസ്ഇ (ചൈൽഡ് സെക്ഷ്വൽ എക്‌സ്പ്ലോയിറ്റേഷൻ കൗണ്ടറിങ്) ടീമിന്‍റെ പ്രത്യേക വിഭാഗമാണ് ഓപ്പറേഷൻ പി-ഹണ്ട്. നിയമപ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
ഓപ്പറേഷൻ പി ഹണ്ട്: ചൈൽഡ് പോണോഗ്രഫി തടയുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. റെയ്‌ഡിൽ പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ഉള്ളടക്കം അടങ്ങിയ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ഉൾപ്പടെയുള്ള 270 ഉപകരണങ്ങൾ പിടിച്ചെടുത്തു. 142 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഐടി ജീവനക്കാരും യുവാക്കളും ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് വ്യക്തമാക്കി.