തിരുവനന്തപുരം : മാതാപിതാക്കൾ തട്ടിയെടുത്ത് ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച കുഞ്ഞിനെ കിട്ടാന്‍ അനുപമ സൂചനാനിരാഹാര സമരത്തില്‍. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. പൊലീസിലും മറ്റ് സർക്കാർ സംവിധാനങ്ങളും വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പ്രത്യക്ഷ സമരം എന്ന തീരുമാനത്തിലെത്തിയതെന്ന് അനുപമ പറഞ്ഞു.
കുഞ്ഞിനെ തിരികെ ലഭിക്കുന്നതുവരെ സമരം തുടരും. വനിത കമ്മിഷൻ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് പരാതി നൽകി ആറുമാസം കഴിഞ്ഞശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്.
ഇനിയൊരമ്മയ്ക്കും നീതികേട് ഉണ്ടാകാതിരിക്കാനാണ് പ്രത്യക്ഷ സമരമെന്ന് അനുപമ also read: അനുപമയെ അച്ഛൻ ചതിച്ചത് ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും ചെയ്യാവുന്ന സഹായങ്ങൾ ഒന്നും തനിക്ക് ലഭിച്ചില്ല. തെറ്റ് ചെയ്തവർക്കെതിരെ വകുപ്പ് തലത്തിൽ നടപടി ഉണ്ടാകുമെന്ന് മാത്രമാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരെയല്ല സമരം. ആരെയും കാണിക്കാൻ ഉള്ള പ്രഹസനവും അല്ല. കുഞ്ഞിന്‍റെ ജീവന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും അനുപമ പറഞ്ഞു.
തെറ്റു ചെയ്തവർക്കെതിരെ നടപടി എടുത്ത് സിപിഎം പിന്തുണ അറിയിക്കണം
തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുത്താണ് സിപിഎം പിന്തുണയറിയിക്കേണ്ടത്. എല്ലാ പിന്തുണയും നൽകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നു. പിന്തുണ വേണ്ട സമയത്ത് സിപിഎം അത് തന്നില്ല.
ഇപ്പോൾ പ്രഖ്യാപിക്കുന്ന ഈ പിന്തുണ കൊണ്ട് ഒരു കാര്യവുമില്ല. കോടതിയിൽ നിന്ന് മാത്രമേ നീതി കിട്ടുകയുള്ളൂ. ഈ വിഷയത്തിൽ സിപിഎമ്മിലെ ചിലരുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായിട്ടുണ്ട്. ഇവർക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.