തിരുവനന്തപുരം: അമ്മയറിയാതെ ദത്തു നൽകിയ സംഭവത്തിൽ(Child Adoption Case) ആന്ധ്രയിലെ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ പാളയത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്കാണ്(Child Protection Officer) കുട്ടിയുടെ സംരക്ഷണ ചുമതല.
ആന്ധ്രപ്രദേശിലെ വിജയവാഡയിലെ ദമ്പതികളാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതി (child welfare committee) കൈമാറിയത്. സമിതി ഉദ്യോഗസ്ഥരും പൊലീസുകാരും ഉൾപ്പെടുന്ന സംഘമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ നൽകാൻ ആന്ധ്രയിലെ ദമ്പതികൾ ആദ്യം തയാറായിരുന്നില്ല. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തിയ ശേഷമാണ് കുഞ്ഞിനെ കൈമാറാൻ ഇവർ തയ്യാറായത്.