തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനം നടത്തിപ്പിൻ്റെ മേൽനോട്ടത്തിനായി നോർക്ക റൂട്ട്‌സ് വൈസ് ചെയർമാന്‍ പി ശ്രീരാമകൃഷ്‌ണനും സംഘവും ജൂൺ അഞ്ചിന് അമേരിക്കയിലേക്ക് പോകും. അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ജൂൺ ഒൻപത് മുതൽ 11 വരെയാണ് ലോക കേരള സഭ സമ്മേളനം നടക്കുക. ശ്രീരാമകൃഷ്‌ണനൊപ്പം നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഹരികൃഷ്‌ണൻ നമ്പൂതിരി, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത് കോലശേരി എന്നിവരും സംഘത്തിൽ ഉണ്ടാകും.
ലോക കേരള സഭ സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും ജൂൺ എട്ടിനാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. യാത്ര ചെലവുകൾ നോർക്ക വകുപ്പാണ് വഹിക്കുന്നത്. പരിപാടി നടക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് ശ്രീരാമകൃഷ്‌ണനും സംഘവും അമേരിക്കയിലേക്ക് പോകുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ സർക്കാർ ഖജനാവിലെ പണം ഉപയോഗപ്പെടുത്തി സംഘത്തെ അമേരിക്കയിലേക്ക് അയക്കുന്നതിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
also read:ജൂണിൽ അമേരിക്ക, സെപ്‌റ്റംബറിൽ സൗദി; മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്
ശ്രീരാമകൃഷ്‌ണന്‍റേയും സംഘത്തിന്‍റേയും ഒൻപത് ദിവസത്തെ യാത്രയ്‌ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയാണ് ഏപ്രിൽ 13 ന് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മറ്റ് മന്ത്രിമാരുടെയും യാത്ര അനുമതി ഉത്തരവ് പൊതുഭരണ വകുപ്പ് ഉടൻ പുറത്തിറക്കും. പ്രവാസി വ്യവസായികളായ എം എ യൂസഫലി, രവി പിള്ള എന്നിവരും ഉപസമിതിയിൽ അംഗങ്ങളാണ്.